‘കിട്ടിയത് വെളുത്ത കാറും കറുത്ത പെണ്ണും’ പരിഹാസവും മാനസിക പീ‍‍ഡനവും പതിവ് ഒടുവിൽ വെള്ളത്തിൽ തള്ളിയിട്ട് കൊലപാതകം; ഭാര്യയെ കൊന്ന ഭർത്താവ് 8 വർഷത്തിന് ശേഷം പിടിയിൽ

കൊല്ലം: ഭാര്യയെ വെള്ളത്തിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ 8 വർഷത്തിന് ശേഷം ഭർത്താവ് അറസ്റ്റിൽ. കൊല്ലം ശാസ്താംകോട്ട കായലിൽ കല്ലുമുട്ട് കടവിൽ പുനലൂർ വാളക്കോട് കണ്ണങ്കര വീട്ടിൽ ഷജീറയെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലാണ് ഭ‍ർത്താവ് തേവലക്കര പാലക്കൽ ബദരിയ മൻസിലിൽ ഷിഹാബിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.2015 ജൂൺ 17 നായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യക്ക് സൗന്ദര്യമില്ലെന്ന കാരണത്താൽ പതിവായി ഷിഹാബ് കുറ്റപ്പെടുത്തിയിരുന്നു. സുഹൃത്തുക്കൾ അടക്കമുള്ളവരോട് തനിക്ക്  കിട്ടിയത് കിട്ടിയത് കറുത്ത പെണ്ണും വെളുത്ത കാറുമായിരുന്നെന്ന് പരിഹാസ സ്വരത്തിൽ ഇയാൾ പറഞ്ഞിരുന്നു. ഷെജീറയെ മാനസികമായും ശാരീരികമായും ഇയാൾ ഉപദ്രവിക്കുകയും ചെയ്തിരുന്നു. ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കായലിൽ കൊണ്ട് വന്ന് തള്ളിയതെന്ന് ഇയാൾ കുറ്റസമ്മതമൊഴി നൽകി. കൊലപാതകം നടന്ന ദിവസം കരിമീൻ വാങ്ങാമെന്ന പേരിലാണ് മൺറോത്തുരുത്തിന് സമീപത്തെ പെരിങ്ങാലത്തേക്ക് ഷജീറയുമായി ഷിഹാബ് എത്തിയത്. കരിമീൻ കിട്ടാതെ ഇവിടെ നിന്ന് മടങ്ങി. ആറരയോടെ ജങ്കാറിൽ കല്ലുമൂട്ടിൽ കടവിൽ തിരികെ എത്തി. ഇരുട്ടും വരെ ഇവിടെ തുടർന്നു. തുടർന്ന് വെളിച്ച സൗകര്യമില്ലാത്ത കടവിൽ നിന്ന് ഷെജീറയെ ബോട്ട് ജെട്ടിയിലേക്ക് നടത്തിച്ചു. പിന്നീട് ആരും കാണാതെ വെള്ളത്തിലേക്ക് തള്ളിയിട്ടു. നാട്ടുകാർ കൂടിയപ്പോൾ അബദ്ധത്തിൽ കാൽതെറ്റി വീണതാണെന്ന രീതിയിൽ ഷിഹാബ് അഭിനയിച്ചു.  ശബ്ദം കേട്ട് എത്തിയ നാട്ടുകാർ ഷെജീറയെ ആശുപത്രിയിലെത്തിച്ചെങ്കിലും  മൂന്ന് ദിവസം അബോധാവസ്ഥയിൽ കഴിഞ്ഞ ശേഷം  മരിച്ചു. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു.തുടക്കത്തിൽ ഇയാൾ കുറ്റം സമ്മതിച്ചിരുന്നില്ല. ഇയാളുടെ രണ്ടാം ഭാര്യയായിരുന്നു ഷെജീറ.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page