കാസർകോട്: ബാങ്കില്‍ പണയപ്പെടുത്തിയ സ്വര്‍ണ്ണാഭരണങ്ങള്‍ എടുത്തു നല്‍കാമെന്നു പറഞ്ഞു ജ്വല്ലറി ഉടമയില്‍ നിന്നും 10 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കൂഡ്‌ലു മീപ്പിഗുരിയിലെ പ്രദീപ് ജോയിയുടെ പരാതിയില്‍ പൂച്ചക്കാട് കീക്കാനത്തെ ഷൗക്കത്ത് അലി, ഭാര്യ എന്നിവര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. ഷൗക്കത്തലിയും ഭാര്യയും പരാതിക്കാരന്റെ ജ്വല്ലറിയില്‍ എത്തി പണയ സ്വര്‍ണ്ണം എടുത്തു നല്‍കാനുണ്ടെന്നു പറഞ്ഞ് പണം ആവശ്യപ്പടുകയായിരുന്നു. സ്വര്‍ണ്ണം എടുക്കാനായി 10 ലക്ഷം രൂപയുമായി ജ്വല്ലറി ജീവനക്കാരനെ ഇവർക്കൊപ്പം പറഞ്ഞു വിട്ടു. പൂച്ചക്കാട് കീക്കാനത്തെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മുന്നില്‍ കാര്‍ നിര്‍ത്തി ബാങ്കിനകത്തേയ്‌ക്കുപോയ ഷൗക്കത്ത് അലിയുടെ ഭാര്യ അല്‍പസമയം കഴിഞ്ഞ് പുറത്തിറങ്ങി പലിശയിനത്തില്‍ 15000 രൂപ കൂടി ആവശ്യപ്പെട്ടു. ജീവനക്കാരന്‍ കാറില്‍ നിന്നു പുറത്തിറങ്ങി. പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്നു പണം എടുക്കുന്നതിനിടയില്‍ സ്‌ത്രീ ഓടി മറഞ്ഞു. പിന്നാലെ ഷൗക്കത്ത് കാറുമായി രക്ഷപ്പെടുകയുമായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. ഷൗക്കത്തിനെതിരെ പൊലീസ് കേസ്സെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി.