തിരുവനന്തപുരം: ഗണപതി മിത്തെന്ന പരാമർശത്തിൽ പ്രതിഷേധിച്ച് എൻ.എസ്.എസ് നടത്തിയ നാമജപ പ്രതിഷേധ യാത്രക്കെതിരെ കേസ്സെടുത്ത് പൊലീസ്. ഗതാഗത തടസ്സമുണ്ടാക്കിയതിനും , അന്യായമായി സംഘം ചേർന്നതിനും മുന്നറിയിപ്പില്ലാതെ യാത്ര നടത്തിയതിനുമാണ് കേസ്സെടുത്തത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സംഘടിപ്പിച്ച യാത്രയിൽ പങ്കെടുത്ത ആയിരത്തിലധികം പേർക്കെതിരെയാണ് കേസ്സെടുത്തത്. എൻ.എസ്.എസ്. വൈസ് പ്രസിഡന്‍റ് സംഗീത് കുമാറാണ് കേസിൽ ഒന്നാം പ്രതി. പാളയം ഗണപതി ക്ഷേത്രം മുതൽ പഴവങ്ങാടി ഗണപതി ക്ഷേത്രം വരെയായിരുന്നു പ്രതിഷേധ സമരം നടന്നത്.അതിനിടെ ഗണപതി മിത്ത് മാത്രമാണെന്ന പരാമർശത്തിൽ ഉറച്ച് നിൽക്കുകയാണെന്ന് സ്പീക്കർ എ.എൻ.ഷംസീർ. കേരളത്തിന്‍റെ മഹത്തായ മരനിരപേക്ഷത ഉയർത്തി പിടിക്കാനാണ് ശ്രമിക്കുന്നതെന്നും മതേതര ഇന്ത്യയെ മതരാഷ്ട്രമാക്കാൻ ശ്രമം നടക്കുകയാണെന്നും ഷംസീർ പറഞ്ഞു. അത് ചെറുത്ത് തോൽപ്പിക്കും. പാഠ്യപദ്ധതിയുടെ മറവിൽ ചരിത്രത്തെ കാവിവത്കരിക്കാനാണ് ശ്രമം നടക്കുന്നതെന്നും ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നത് വിശ്വാസത്തെ തള്ളിപറയാനല്ലെന്നും മേലാറ്റൂർ ആർ.എം.എച്ച്.എസ്.എസിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യവെ എ.എം ഷംസീർ പറഞ്ഞു.
