സ്പീക്കർ എ.എൻ ഷംസീർ വിശ്വാസത്തെ അവഹേളിച്ചു എന്നാരോപണം ; പ്രതിഷേധം ശക്തമാക്കി എൻ.എസ്.എസും, ബിജെപിയും ; പ്രതിഷേധം അനാവശ്യമെന്ന് സിപിഎം; പ്രസ്താവന തിരുത്തണമെന്ന് കോൺഗ്രസ്സ്

തിരുവനന്തപുരം: സ്പീക്കർ എ.എൻ ഷംസീർ ഹൈന്ദവ വിശ്വാസം  വൃണപ്പെടുത്തിയെന്ന ആരോപണത്തിൽ നിലപാട് കടുപ്പിച്ച് എൻ.എസ്.എസ്. ഷംസീ‍ർ മാപ്പ് പറയണമെന്ന് ജി സുകുമാരൻ നായർ ആവശ്യപ്പെട്ടു.എ.എൻ ഷംസീറിന്‍റെ പ്രതികരണം ഹൈന്ദവ വിരോധത്താൽ ആണെന്ന് സുകുമാരൻ നായർ പറഞ്ഞു. ഇക്കാര്യത്തിൽ ബിജെപി, ആർ.എസ്.എസ് ഉൾപ്പെടെയുള്ള പാർട്ടികളും സംഘടനകളുമായി സഹകരിക്കുമെന്നും എൻ.എസ്.എസ് വ്യക്തമാക്കി. ഗണപതി മിത്താണെന്ന ഷംസീറിന്‍റെ പരാമർശത്തിനെതിരെ നാമജപ ഘോഷയാത്രയും പ്രതിഷേധവും ശക്തമാക്കാനാണ് എൻ.എസ്.എസ് തീരുമാനം.അതിനിടെ ഷംസീറിനെതിരെ ബിജെപി രംഗത്തെത്തി. പ്രസ്താവന പിൻവലിച്ച് ഷംസീർ മാപ്പ് പറയണമെന്ന് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. അപരമത നിന്ദയാണ് ഷംസീറിന്‍റേതെന്നും സുരേന്ദ്രൻ പറഞ്ഞു. പ്രസ്താവനയിൽ കോൺഗ്രസ്സ് നിലപാട് സ്വീകരിക്കാത്തത് ലീഗിനെ ഭയന്നാണോ എന്ന് സുരേന്ദ്രൻ ചോദിച്ചതിന് പിന്നാലെ  പ്രതികരണവുമായി കോൺഗ്രസ്സ് നേതാക്കളും എത്തി. വിശ്വാസത്തെ ശാസ്ത്രവുമായി കൂട്ടികുഴക്കരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. വിശ്വാസത്തെ ചോദ്യം ചെയ്യരുതെന്നും പ്രസ്താവന വർഗ്ഗീയവാദികൾക്ക് ആയുധം നൽകുന്നതാണെന്നും വിഡി സതീശൻ പറഞ്ഞു. എരിതീയിൽ എണ്ണ ഒഴിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു. സ്പീക്കർ പ്രസ്താവന തിരുത്തണം. ഭരണ ഘടനാ പദവിയിലിരിക്കുന്നവർ ഇത്തരം പ്രസ്താവനകൾ ഒഴിവാക്കണമെന്നും സതീശൻ പറഞ്ഞു.എന്നാൽ വിവാദം അനാവശ്യമാണെന്ന നിലപാടിലാണ് സിപിഎം.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page