ന്യൂഡൽഹി: രണ്ട് മാസമായി കലാപം തുടരുന്ന മണിപ്പൂരിൽ സർക്കാർ കാണിക്കുന്ന നിസ്സംഗതക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ഭരണഘടനാ സംവിധാനം മണിപ്പൂരിൽ തകർന്നിരിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ്‍ ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു.ക്രമസമാധാനം തകർന്ന സ്ഥലത്ത് എങ്ങിനെ നീതി നടപ്പാകുമെന്ന് കോടതി ചോദിച്ചു. കേസുകൾ എടുക്കുന്നതിലെ കാലതാമസവും ഒച്ചിഴയുന്നരീതിയിലുള്ള അന്വേഷണവും ക്രമസമാധാനം തകർന്നതിനാലാണെന്ന് നിരീക്ഷിച്ച കോടതി അടുത്ത തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോൾ മണിപ്പൂർ ഡിജിപി നേരിട്ട് ഹാജരായി വിശദാംശങ്ങൾ നൽകാനും സുപ്രീം കോടതി ആവശ്യപ്പെട്ടു. മണിപ്പൂർ വിഷയത്തിൽ പാർലമെന്‍റിൽ പ്രതിഷേധം തുടരുന്ന പ്രതിപക്ഷവാദത്തിന് കോടതിയുടെ പരാമർശം കൂടുതൽ ശക്തിപകരും. അതിനിടെ കേസ് പരിഗണിച്ചപ്പോൾ മണിപ്പൂരിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതിനകം 6253 എഫ്.ഐ.ആർ രജിസ്ട്രർ ചെയ്തിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.സ്ത്രീകളെ ബലാൽസംഗം ചെയ്ത് നഗ്നരാക്കി നടത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പ്രതി ഉൾപ്പെടെ 7 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ആകെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 252 പേർ അറസ്റ്റിലായെന്നും സോളിസിറ്റർ ജനറൽ അറിയിച്ചു. അതേസമയം രണ്ടാമത്തെ കൂട്ടബലാൽസംഗത്തിന്‍റെ വിവരങ്ങൾ കൂടെ ലഭ്യമാക്കാൻ ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.
