മുള്ളേരിയ: ഭര്‍തൃ വിയോഗത്തിനു ഒരുവര്‍ഷം തികയാന്‍ അഞ്ചുദിവസം മാത്രം ബാക്കിയിരിക്കെ ഭാര്യ ആസിഡ് കഴിച്ചു മരിച്ചു. ദേലംപാടി, മല്ലംപാറ, തിമ്മിന ഗുണ്ടിയിലെ പരേതനായ ബാബു നായിക്കിന്റെ ഭാര്യ പുഷ്പാവതി (60)യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് പുഷ്പാവതി വീട്ടിനു പിന്‍ഭാഗത്തു സൂക്ഷിച്ചിരുന്ന ആസിഡെടുത്ത് കഴിച്ചത്. ഇക്കാര്യം മകനെ അറിയിച്ചതിനെ തുടര്‍ന്ന് ബന്തടുക്ക സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. നിലഗുരുതരമായതിനാല്‍ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകാനായിരുന്നു നിര്‍ദ്ദേശം. കാഞ്ഞങ്ങാട്ടെത്തിച്ചുവെങ്കിലും നില അതീവ ഗുരുതരമായതിനാല്‍ മംഗളൂരുവിലേയ്ക്കു കൊണ്ടു പോവുകയായിരുന്നു. മംഗളൂരുവില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുഷ്പാവതിയുടെ ഭര്‍ത്താവ് ബാബു നായിക് കഴിഞ്ഞ വര്‍ഷം ജുലൈ 30ന് ആണ് മരിച്ചത്. അതിനു ശേഷം കടുത്ത ദുഃഖത്തിലായിരുന്നു പുഷ്പാവതിയെന്നു ബന്ധുക്കള്‍ പറഞ്ഞു. ഭര്‍തൃ ദുഃഖമായിരിക്കാം ജീവനൊടുക്കുവാന്‍ പ്രേരിപ്പിച്ചതെന്നു സംശയിക്കുന്നതായി കൂട്ടിച്ചേര്‍ത്തു. ആദൂര്‍ പൊലീസ് കേസെടുത്തു.മക്കള്‍: വിജയ ലക്ഷ്മി, പാര്‍വ്വതി, സരോജിനി, ശിവരാമന്‍, സതീശന്‍, മമത. മരുമക്കള്‍: ഗോപാലകൃഷ്ണ, രവിചന്ദ്ര, ഗണേശ, സഹോദരങ്ങള്‍: രാമണ്ണ നായിക്, സീനപ്പ, സുബ്ബണ്ണ, ലളിത.