പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ; സ്ഥാനാർത്ഥി ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽ നിന്നെന്ന് പറഞ്ഞ സുധാകരൻ മിന്നൽവേഗത്തിൽ തിരുത്തി. പാർട്ടിയിൽ ചർച്ച നടന്നില്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെതുടർന്ന് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ പുതുപ്പള്ളിയിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ആദ്യ പ്രതികരണത്തിൽ തിരുത്തുമായി കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ. സ്ഥാനാർത്ഥി ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽ നിന്ന് തന്നെയായിരിക്കുമെന്ന് പറഞ്ഞ കെ.പി.സി.സി  പ്രസിഡന്‍റ് കുടുംബത്തിന് പുറത്ത് നിന്നുള്ളവർ പരിഗണനയില്ലെന്നും വ്യക്തമാക്കിയിരുന്നു.ആരാകണമെന്നതിൽ കുടുംബത്തിന്‍റെ തീരുമാനമാണ് പ്രധാനം. കുടുംബം തീരുമാനിക്കുന്ന ആളെ പാർട്ടി അംഗീകരിക്കുമെന്നും കെ സുധാകരൻ പറഞ്ഞിരുന്നു.എന്നാൽ മണിക്കൂറുകൾക്കം പ്രസ്താവന തിരുത്തി സുധാകരൻ വാർത്താ കുറിപ്പിറക്കി. ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽ നിന്നുള്ളവരാകുമോ എന്നതിന് അതും പരിഗണിക്കും എന്നാണ് താൻ ഉദ്ദേശിച്ചതെന്നും സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച് പാർട്ടിയിൽ ഇതുവരെ ഒരു ചർച്ചയും ഉണ്ടായിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ രാഷ്ട്രീയം ആവശ്യമുണ്ടോയെന്ന് എല്ലാ പാർട്ടിക്കാരും ചിന്തിക്കണമെന്നും ഉമ്മൻചാണ്ടിയോട് ആദരവും ബഹുമാനവും ഉണ്ടെങ്കിൽ മത്സരം ഒഴിവാക്കണമെന്നും സുധാകരൻ വ്യക്തമാക്കി.മറ്റ് പാർട്ടികൾ സ്ഥാനാർത്ഥികളെ നിർത്തരുതെന്നും ഭരണപക്ഷവും ബിജെപിയും മത്സരം ഒഴിവാക്കാനുള്ള ഒചിത്യം കാണിക്കണമെന്നും സുധാകരൻ പറഞ്ഞു. പുതുപ്പള്ളിയിലെ സ്ഥാനാർത്ഥി സംബന്ധിച്ച ചർച്ചകൾ രാഷ്ട്രീയ മണ്ഡലങ്ങളിൽ സജീവമാകുന്നതിനിടെയാണ് ഇക്കാര്യത്തിൽ കെ.പി.സി.സി അദ്ധ്യക്ഷൻ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. മകൻ ചാണ്ടി ഉമ്മന്‍റെ മകൾ അച്ചു ഉമ്മന്‍റെയും പേരുകളാണ് സമൂഹ മാധ്യമങ്ങളിലുൾപ്പെടെ പുതുപ്പള്ളി സ്ഥാനാർത്ഥിയായി നിറയുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page