ആലപ്പുഴ: എടത്വ തായങ്കരി ബോട്ട് ജെട്ടിക്ക് സമീപം യുവാവിന്റെ മൃതദേഹം കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കാറിനകത്തെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ജയിംസ് കുട്ടിയുടേതാണ് കാറെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലാണ്. എടത്വ പഞ്ചായത്തില്‍ തായങ്കരി ജെട്ടി റോഡിലാണ് സംഭവം. കാറിന്റെ സീറ്റിലാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങളുള്ളത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ കാര്‍ കത്തുന്നത് പ്രദേശവാസിയാണ് ആദ്യം കണ്ടത്. നായ്ക്കള്‍ നിര്‍ത്താതെ കുരയ്ക്കുന്നതു കണ്ടാണ് പുറത്തിറങ്ങി നോക്കിയത്. തീ ആളിപ്പടരുന്നതു കണ്ട് മറുകരയുള്ള സുഹൃത്തിനെ വിളിച്ച് വിവരം പറയുകയും പിന്നീട് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയായിരുന്നു. തകഴിയില്‍ നിന്നെത്തിയ അഗ്‌നിശമന സേന തീയണച്ചു കഴിഞ്ഞപ്പോഴാണ് ഉള്ളില്‍ മൃതദേഹം കണ്ടെത്തിയത്. കാര്‍ പൂര്‍ണമായി കത്തി നശിച്ചു. കാര്‍ കത്തിയതിന് പിന്നിലെ കാരണം വ്യക്തമല്ല. എടത്വ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
തായങ്കര ബോട്ട് ജെട്ടിയിലേക്കു പോകുന്ന ഒഴിഞ്ഞ പ്രദേശത്താണ് കാര്‍ കത്തിയത്. ഇവിടെ കാറുകള്‍ പാര്‍ക്ക് ചെയ്യുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.