ബേക്കല്‍(കാസര്‍കോട്): പൊലീസിനും ജനങ്ങള്‍ക്കും ഒരുപോലെ തലവേദനയായി ബേക്കല്‍, മേല്‍പറമ്പ് പോലീസ് സ്‌റ്റേഷനുകളുടെ പരിധിയില്‍ ഇരുചക്രവാഹന പിടിച്ചുപറി സംഘം. അനുദിനം കേസുകള്‍ വര്‍ധിച്ചതോടെ സംഘത്തെ പിടിച്ചുകെട്ടാന്‍ അരലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് ബേക്കല്‍ പൊലീസ്.
അടുത്തിടെ ഒരു ഡസനിലേറെ പിടിച്ചുപറി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സി.സി.ടി.വി ദൃശ്യം ഉള്‍പ്പെടെ ലഭിക്കുന്നുണ്ടെങ്കിലും കവര്‍ച്ച പിടിച്ചുപറി സംഘത്തെ കണ്ടെത്താന്‍ സാധിക്കുന്നില്ല. വ്യക്തമായ സൂചന ഇന്നുവരെ ലഭിക്കാതെ വന്നതോടെയാണ് പ്രതികളെ കുറിച്ച് വിവരം നല്‍കുന്ന പൊതുജനങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ബേക്കല്‍ പൊലീസ് രംഗത്ത് വന്നത്. വൃദ്ധരും മധ്യവസ്‌കരായ സ്ത്രീകളെ ഇടവഴിയില്‍ തടഞ്ഞുനിര്‍ത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യുന്നതാണ് ഇരുചക്ര വാഹന മോഷണ സംഘത്തിന്റെ രീതി. ഹെല്‍മറ്റ് കൊണ്ടും മാസ്‌ക് ധരിച്ചും മുഖം മറച്ചാണ് പിടിച്ചുപറി സംഘം ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നത്. തിരക്കേറിയ റോഡുകളിലും സ്ത്രീകള്‍ പിടിച്ചുപറിക്കിരയാകുന്നുണ്ട്.
സി.സി.ടി.വി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ, പത്രമാധ്യമങ്ങള്‍ വഴി പുറത്തുവിട്ട് പ്രതികളെ കണ്ടെത്താന്‍ നടത്തിയ ശ്രമവും വിഫലമായി. പ്രതികളെക്കുറിച്ച് എന്തെങ്കിലും സൂചന നല്‍കുകയോ തെളിവുകള്‍ നല്‍കുകയോ ചെയ്താല്‍ പാരിതോഷികം നല്‍കുമെന്നാണ് പറഞ്ഞത്. വിവരം അറിയിക്കുന്നവരുടെ കാര്യം രഹസ്യമായി സൂക്ഷിക്കാം എന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. അഞ്ചുപവന്‍വരെ സ്വര്‍ണം നഷ്ടപ്പെട്ടവരുണ്ട്.