ഔദ്യോഗിക ബഹുമതികൾ വേണ്ടെന്ന് കുടുംബം; ഉമ്മൻചാണ്ടിയുടെ സംസ്കാരം മതാചാര പ്രകാരം നടക്കും

തിരുവനന്തപുരം : അന്തരിച്ച മുൻ  മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങിന് ഔദ്യോഗിക ബഹുമതികൾ ഉണ്ടാവില്ല. ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങ് നടത്താൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനമെടുത്തിരുന്നു.എന്നാൽ ബഹുമതി വേണ്ടെന്ന് കുടുംബം അറിയിക്കുകയായിരുന്നു. മതാചാര പ്രകാരം സംസ്കാരം നടത്താനാണ് ഉമ്മൻചാണ്ടി ആഗ്രഹിച്ചിരുന്നതെന്ന് ഭാര്യ പൊതു ഭരണ വകുപ്പിനെ  രേഖാമൂലം അറിയിച്ചു. ഉമ്മൻചാണ്ടിക്ക് പൂർണ്ണ ഔദ്യോഗിക ബഹുമതി നൽകണമെന്നായിരുന്നു മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്. എന്നാൽ ഇക്കാര്യത്തിൽ കുടുംബത്തിൽ ഭിന്നാഭിപ്രായം ഉയർന്നതിനാൽ ഒരിക്കൽകൂടെ നിലപാട് അറിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഇതിനുസരിച്ച് കുടുംബവുമായി ചർച്ച നടത്തിയാണ് ഔദ്യോഗിക ചടങ്ങുകളൊന്നും വേണ്ടെന്ന തീരുമാനമെടുത്തത്.

സംസ്ഥാന മന്ത്രിസഭാ യോഗം ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ചു.

മന്ത്രിസഭ പാസ്സാക്കിയ അനുശോചന പ്രമേയം

“മുൻ മുഖ്യമന്ത്രിയും നിലവിൽ പുതുപ്പള്ളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എ.യുമായിരുന്ന ശ്രീ. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ മന്ത്രിസഭായോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിനു പ്രിയപ്പെട്ടവരെയാകെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

ഉമ്മൻ ചാണ്ടി കേരളത്തിനു നൽകിയ സംഭാവനകളെ ആദരവോടെ ഈ ഘട്ടത്തിൽ ഈ മന്ത്രിസഭായോഗം സ്മരിക്കുന്നു. വഹിച്ച സ്ഥാനങ്ങൾ കൊണ്ട് അളക്കാൻ കഴിയാത്ത നിലയിൽ ഉയർന്ന വ്യക്തിത്വങ്ങളുണ്ട്. അവർക്കിടയിലാണ് ജനനേതാവായിരുന്ന ഉമ്മൻചാണ്ടിയുടെ സ്ഥാനം. കെ.എസ് .യു.വിലൂടെ കോൺഗ്രസിലെത്തി ആ പാർട്ടിയുടെ നേതൃത്വത്തിലും ഗവൺമെന്റിലും പ്രതിപക്ഷത്തും ഒക്കെ പ്രവർത്തിച്ച ഉമ്മൻചാണ്ടി ജനാധിപത്യപ്രക്രിയയെ മുമ്പോട്ട് കൊണ്ടുപോകുന്നതിൽ വലിയ പങ്കുവഹിച്ചു.ജനക്ഷേമത്തിലും, സംസ്ഥാനവികസനത്തിലും ശ്രദ്ധയൂന്നുന്ന ഭരണാധിപൻ എന്നനിലയ്ക്കും ജനകീയപ്രശ്നങ്ങൾ സമർത്ഥമായി ഉന്നയിക്കുന്ന പ്രതിപക്ഷ നേതൃതലത്തിലെ പ്രമുഖൻ എന്ന നിലയ്ക്കുമൊക്കെ ശ്രദ്ധേയനായി. 1970-ൽ പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്നും നിയമസഭയിലെത്തിയ ശ്രീ. ഉമ്മൻചാണ്ടി പിന്നീടിങ്ങോട്ടെക്കാലവും അതേ മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്നു. 53 വർഷങ്ങൾ തുടർച്ചയായി എം.എൽ. എ. ആയിരിക്കുക, അതും ഒരേ മണ്ഡലത്തിൽ നിന്നുതന്നെ തിരഞ്ഞെടുക്കപ്പെടുക, ഒരിക്കലും തോൽവി അറിയാതിരിക്കുക എന്നിവയൊക്കെ ഉമ്മൻചാണ്ടിയുടെ റിക്കോർഡാണ്. പന്ത്രണ്ട് തവണയാണ് അദ്ദേഹം തുടർച്ചയായി വിജയിച്ചത്. ധനം, ആഭ്യന്തരം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ മന്ത്രിയെന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നൽകിയ സംഭാവനകൾ അവിസ്മരണീയമാണ്. യു.ഡി.എഫ് കൺവീനർ എന്ന നിലയിൽ നടത്തിയ രാഷ്ട്രീയപ്രവർത്തനവും സ്മരണീയമാണ്”

വിലാപയാത്ര പുതുപ്പള്ളിയിലേക്ക് നീങ്ങുന്നു

ഉമ്മൻചാണ്ടിയുടെ ഭൗതിക ദേഹം വഹിച്ചുകൊണ്ട് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിലാപയാത്ര സ്വന്തം നാടായ പുതുപ്പള്ളിയിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. വഴി നീളെ പതിനായിരങ്ങളാണ് കേരളത്തിന്‍റെ ജനകീയ നേതാവിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത്. തിരുവനന്തപുരത്ത് നിന്ന് രാവിലെയാണ് വിലാപയാത്ര പുറപ്പെട്ടത്. മുതിർന്ന കോൺഗ്രസ്സ് നേതാക്കൾ പൊട്ടിക്കരഞ്ഞുകൊണ്ടാണ് പ്രിയ നേതാവിന് അന്ത്യോപചാരം അർപ്പിച്ചത്. ജനബാഹുല്യം നിമിത്തം നിശ്ചയിച്ചതിലും വൈകിയാണ് വിലാപ യാത്ര നീങ്ങുന്നത്.വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3.30 ന് പുതുപ്പള്ളി സെന്‍റ് ജോർജ്ജ് ഓ‌ർത്തഡോക്സ് വലിയ പള്ളിയിലെ പ്രത്യേക കബറിടത്തിൽ ആണ് സംസ്കാരം നടക്കുക. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page