ബേക്കല്‍: പ്രവാസി വ്യവസായി പൂച്ചക്കാട്ടെ അബ്ദുള്‍ ഗഫൂര്‍ ഹാജിയുടെ ദൂരൂഹ മരണവുമായി ബന്ധപ്പെട്ട് ദമ്പതികളെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് ബേക്കല്‍ പൊലീസ് കാഞ്ഞങ്ങാട് ആര്‍ഡിഒ കോടതിയെ സമീപിച്ചു. മരണവുമായി ബന്ധമുണ്ടെന്ന് സംശയമുയര്‍ന്ന ദമ്പതികളെ നിരന്തരമായി ചോദ്യം ചെയ്തിട്ടും തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് പൊലീസ് നടപടി. പരസ്പര വിരുദ്ധമായ ഉത്തരങ്ങളാണ് ദമ്പതികളില്‍ നിന്ന് ലഭിച്ചതെന്നും അതുകൊണ്ട് തന്നെ നുണ പരിശോധനയിലൂടെ മാത്രമേ സത്യം പുറത്തു വരികയുള്ളൂവെന്നും അന്വേഷണ സംഘം കരുതുന്നു.
ഈ സാഹചര്യത്തിലാണ് നുണ പരിശോധനക്കു വിധേയമാക്കാന്‍ തീരുമാനിച്ചതെന്നു ഡിവൈ.എസ്.പി സി.കെ.സുനില്‍ കുമാര്‍ പറഞ്ഞു. നുണ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് ഗഫൂര്‍ ഹാജിയുടെ മകനും ആക്ഷന്‍ കമ്മിറ്റിയും നിരന്തരമായി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഒരു മന്ത്രവാദിനിയെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടന്നിരുന്നത്. ഗഫൂര്‍ ഹാജിയുടെ വീടുമായി അടുത്ത ബന്ധമാണ് യുവതിയായ മന്ത്രവാദിനിക്ക് ഉണ്ടായിരുന്നത്. മന്ത്രവാദിനിക്ക് പുറമെ ഭര്‍ത്താവിനെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാനാണ് പൊലീസ് തീരുമാനം.
കഴിഞ്ഞ ഏപ്രില്‍ 14ന് പുലര്‍ച്ചെയാണ് പൂച്ചക്കാട് ഫാറൂഖിയ മസ്ജിദിന് സമീപം ബൈത്തുല്‍ റഹ്‌മയിലെ എം.സി.അബ്ദുള്‍ ഗഫൂര്‍ ഹാജിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഗഫൂര്‍ ഹാജിയുടെയും വീട്ടുകാരുടെയും അടുത്ത ബന്ധുക്കളുടെയുമടക്കം 596 പവന്‍ സ്വര്‍ണ്ണം നഷ്ടപ്പെട്ടതായും കണ്ടെത്തി. ഇതേ തുടര്‍ന്ന് മന്ത്രവാദിനിയേയും അവരുടെ ഭര്‍ത്താവിനെയും സംശയമുണ്ടെന്ന് കാണിച്ച് മകന്‍ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മന്ത്രവാദത്തിന്റെ ഭാഗമായി സ്വര്‍ണ്ണം കുഴിച്ചിട്ടിരിക്കാമെന്ന സംശയത്തില്‍ മെറ്റല്‍ഡിറ്റക്ടറുടെ സഹായത്തോടെ ഹാജിയുടെ വീട്ടുവളപ്പിലും അടുത്ത വീടുകളിലും പറമ്പുകളിലും കുഴിയെടുത്ത് പരിശോധന നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല.
മാത്രമല്ല മന്ത്രവാദിനിയുടെ വീട്ടിലും പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. ഇതോടെ അന്വേഷണം വഴി മുട്ടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭ രംഗത്തിറങ്ങിയിരുന്നു. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനവും നല്‍കിയിരുന്നു.
