കരിപ്പൂർ: കരിപ്പൂർ വിമാനതാവളത്തിലൂടെ കടത്താൻ ശ്രമിച്ച രണ്ട് കിലോഗ്രാമം സ്വർണ്ണ മിശ്രിതം എയർ കസ്റ്റംസ് പിടികൂടി. ഷാർജയിൽ നിന്നുള്ള വിമാനത്തിലെത്തിയ മലപ്പുറം അണ്ണാറതൊടിക അഞ്ചാചാവടിയിലെ ഷംനാസിനെ കസ്റ്റഡിയിലെടുത്തു. ഡി.ആർ.ഐക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണ്ണം പിടികൂടിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണ മിശ്രിതം. 2061 ഗ്രാം ഭാരം വരുന്ന സ്വർണ്ണ മിശ്രിതം വേർതിരിച്ചെടുത്തപ്പോൾ 1762 ഗ്രാം ഉണ്ടായിരുന്നതായി എയർ കസ്റ്റംസ് അധികൃതർ അറിയിച്ചു. ഏകദേശം 1,05,54,380 രൂപ വിലമതിക്കുന്നതാണ് സ്വർണ്ണം. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് എയർ കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണർ അറിയിച്ചു.