ജനനായകന് വിട

ജനനായകൻ ഇനി ഓർമ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (79) അന്തരിച്ചു.അർബുദ ബാധിതനായി ബാംഗ്ളൂരു ചിന്മയ മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ജനകീയനായ നേതാവായിരുന്ന ഉമ്മൻ ചാണ്ടി സംസ്ഥാന വികസനത്തിന് കുതിപ്പേകുന്ന നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുണ്ട്. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ഏവർക്കും സ്വീകാര്യനായിരുന്നു പ്രിയപ്പെട്ടവർ സ്നേഹത്തോടെ കുഞ്ഞൂഞ്ഞ് എന്ന് വിളിച്ചിരുന്ന ഉമ്മൻ ചാണ്ടി. ഏത് സാധാരണക്കാരനും എന്ത് പ്രശ്നത്തിലും എപ്പോഴും അദ്ദേഹത്തെ സമീപിക്കാൻ കഴിയുമായിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് നേരിട്ട് പരിഹാരം കണ്ടെത്താൻ ജന സമ്പർക്ക മടക്കമുള്ള വൈവിധ്യമാർന്ന പരിപാടികൾ അദ്ദേഹം മുഖ്യമന്ത്രി ആയിരിക്കെ നടപ്പാക്കി. ലളിത ജീവിതവും സൗമ്യമായ ഇടപെടലുകളുമാണ് ഇതര രാഷ്ട്രീയ നേതാക്കളിൽ നിന്ന് ഉമ്മൻ ചാണ്ടിയെ വേറിട്ടു നിർത്തുന്നത്.
അരനൂറ്റാണ്ടിലേറെ നിയമസഭാംഗമായിരുന്ന ഉമ്മൻചാണ്ടിയുടെ പേരിലാണ് ഏറ്റവും കൂടുതൽ കാലം നിയമസഭാ സാമാജികനായിരുന്നതിന്റെ റെക്കോർഡ്. 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പന്ത്രണ്ട് തവണയാണ് നിയമസഭയിലെത്തിയത്. രണ്ടു തവണയായി ഏഴു വർഷം മുഖ്യമന്ത്രിയായിരുന്നു. തൊഴിൽ, ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകളുടെ മന്ത്രിയായും പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും ആന്ധ്രാപ്രദേശിൻ്റെ ചുമതല വഹിക്കുന്ന എഐസിസി ജനറൽ സെക്രട്ടറിയുമാണ്. ഭാര്യ: കനറാ ബാങ്ക് മുൻ ഉദ്യോഗസ്ഥ മറിയാമ്മ. മക്കൾ: മറിയം ഉമ്മൻ, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ.

1943 ഒക്ടോബർ 31 ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ.ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്താണ് ഉമ്മൻ ചാണ്ടി ജനിച്ചത്. മുത്തച്ഛൻ വി.ജെ.ഉമ്മൻ തിരുവിതാംകൂറിലെ ആദ്യ നിയമസഭയായ ട്രാവൻകൂർ ലെജിസ്ലേറ്റീവ് കൗൺസിലിൽ അംഗമായിരുന്നു. പുതുപ്പള്ളി എംഡി സ്കൂൾ, സെന്റ് ജോർജ് ഹൈസ്കൂൾ, കോട്ടയം സിഎംഎസ്. കോളജ്, ചങ്ങനാശേരി എസ്ബി കോളജ്, എറണാകുളം ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. നന്നെ ചെറുപ്പത്തിൽ കെ.എസ്.യു വിലൂടെ ആയിരുന്നു പൊതുപ്രവർത്തന രംഗത്തേക്ക് എത്തുന്നത്. 1967 ൽ കെ.എസ്.യു സംസ്ഥാന അദ്ധ്യക്ഷനായി , തുടർന്ന് 1970 ൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻറ് പദവിയിലെത്തി. അഞ്ച് പതിറ്റാണ്ട് പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടി നാല് തവണ മന്ത്രിയും രണ്ട് തവണ മുഖ്യമന്ത്രിയുമായി. മുൻ മുഖ്യമന്ത്രിയുടെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗ്ളൂരുവിൽ നിന്ന് തിരുവനന്തപുരത്ത് എത്തിക്കുന്ന ഭൗതിക ദേഹം പൊതു ദർശനത്തിന് ശേഷമായിരിക്കും സംസ്കാരത്തിനായി കൊണ്ട് പോകുക. മുതിർന്ന കോൺഗ്രസ്സ് നേതാക്കൾ ബംഗലൂരുവിലേക്ക് തിരിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page