കാസര്‍കോട്: കോഴിക്കോട് സംഘടിപ്പിച്ച ഏക സിവില്‍ കോഡ് സെമിനാറില്‍ നിന്ന് സി പി എം അകറ്റി നിര്‍ത്തിയ മുസ്ലീം സംഘടനയായ ജമാഅത്തെ ഇസ്ലാമിക്ക് കോണ്‍ഗ്രസ്സ് നടത്തുന്ന സെമിനാറിലേക്ക് ക്ഷണം.
ഈ മാസം 22 ന് കോണ്‍ഗ്രസ് കോഴിക്കോട് സംഘടിപ്പിക്കുന്ന ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട സെമിനാറിലേക്കാണ് ജമാഅത്തെ ഇസ്ലാമിയെ ക്ഷണിച്ചത്. കോഴിക്കോട് ഡി സി സി പ്രസിഡന്റ് പ്രമീൺ കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനസദസ്സ് എന്ന പേരിലാണ് കോണ്‍ഗ്രസ്സ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.
രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഏറെ ചര്‍ച്ചയ്ക്ക് ഇടയാക്കിയേക്കാവുന്ന ക്ഷണം ജമാഅത്തെ ഇസ്ലാമി സ്വീകരിക്കുമോയെന്ന് വ്യക്തമായിട്ടില്ല. കോണ്‍ഗ്രസ് ക്ഷണത്തെക്കുറിച്ച് ജമാഅത്ത് ഇസ്ലാമി കേന്ദ്രങ്ങള്‍ പ്രതികരിച്ചിട്ടില്ല. സമസ്തയിലെ ഇരു വിഭാഗത്തെയും ക്ഷണിച്ചതിന് പുറമെ മറ്റിതര മുസ്ലീം സംഘടനകളെയും സെമിനാറിലേക്ക് സി പി എം ക്ഷണിച്ചപ്പോൾ ജമാഅത്തെ ഇസ്ലാമിയെ മാത്രം മാറ്റിനിര്‍ത്തിയത് ചര്‍ച്ചയായിരുന്നു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുമായി കോണ്‍ഗ്രസ് രഹസ്യ സഖ്യമുണ്ടാക്കിയതായി പരാതിയുയര്‍ന്നിരുന്നു. ഈ ബന്ധം പാര്‍ട്ടിക്ക് ദോഷം ചെയ്തെന്നും അത് കൊണ്ട് തന്നെ ആ സംഘടനയുമായി തുടർ സഹകരണം വേണ്ടെന്നും കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും സമാന രീതിയിൽ ഉണ്ടാക്കിയ ബന്ധത്തിനെതിരെ കോണ്‍ഗ്രസ്സ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന് അടക്കമുള്ളവര്‍ പരസ്യമായി രംഗത്ത് വരികയും ചെയ്തു. സെമിനാറിലേക്കുള്ള കോണ്‍ഗ്രസ്സ് ക്ഷണത്തെ ഇടത് നേതാക്കൾ വിമർശിക്കുമ്പോൾ മുൻകാലങ്ങളിൽ ജമാഅത്തെ ഇസ്ലാമിയുമായി ഇടതുപക്ഷം ഉണ്ടാക്കിയിരുന്ന ബന്ധം ചൂട്ടികാട്ടി പ്രതിരോധിക്കുകയാണ് കോൺഗ്രസ്സ് കേന്ദ്രങ്ങൾ.