എന്റോസള്‍ഫാന്‍ നിര്‍വ്വീര്യമാക്കുക വിദഗ്‌ദ്ധ സമിതിയുടെ നിര്‍ദ്ദേശ പ്രകാരം

0
40


കാസര്‍കോട്‌: അശാസ്‌ത്രീയമായ രീതിയില്‍ എന്റോസള്‍ഫാന്‍ കീടനാശിനി കുഴിച്ച മൂടാന്‍ നീക്കമെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ വിദഗ്‌ദ്ധ സമിതിയുടെ റിപ്പോര്‍ട്ട്‌ തേടാന്‍ തീരുമാനം. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ വിവിധ ഗോഡൗണുകളില്‍ സൂക്ഷിച്ചിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്നത്‌ സംബന്ധിച്ചാണ്‌ വിദഗ്‌ദ്ധ സമിതിയുടെ റിപ്പോര്‍ട്ട്‌ തേടുക. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത്‌ രണ്‍വീര്‍ ചന്ദിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിന്റെതാണ്‌ തീരുമാനം. ഇതിനായി വിദഗ്‌ദ സമിതി രൂപീകരിക്കും. നിരോധിക്കപ്പെട്ട കീടനാശിനി നിര്‍വീര്യമാക്കുന്നത്‌ സംബന്ധിച്ച്‌ പെസ്റ്റിസൈഡ്‌ ആക്ടില്‍ പറയുന്ന കാര്യങ്ങളെല്ലാം പരിശോധിച്ചാവും വിദഗ്‌ധ സമിതിയെ നിയോഗിക്കുക. എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്നത്‌ സംബന്ധിച്ച നിലവിലെ പദ്ധതി കേരള കാര്‍ഷിക സര്‍വകലാശാല ശാസ്‌ത്രജ്ഞര്‍ യോഗത്തില്‍ വിശദീകരിച്ചു. നിര്‍വീര്യമാക്കലുമായി ബന്ധപ്പെട്ട ആശങ്കകള്‍’ പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ടും സമരസമിതിയും ജില്ലാ പരിസ്ഥിതി സമിതിയും യോഗത്തില്‍ ഉന്നയിച്ചു. തുടര്‍ന്ന്‌ വിശദമായ ചര്‍ച്ചകള്‍ക്കൊടുവിലാണ്‌ വിദഗ്‌ധ സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചത്‌.കാസര്‍കോട്‌ വികസന പാക്കേജ്‌ സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജ്‌മോഹന്‍, എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്‌.സജീദ്‌, പുല്ലൂര്‍ പെരിയ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.കെ.അരവിന്ദാക്ഷന്‍, കേരള കാര്‍ഷിക സര്‍വകലാശാല ഡീന്‍ ഡോ.പി.കെ.മിനി, മുന്‍ ഡീന്‍ ഡോ.സുരേഷ്‌ പി.ആര്‍, കാര്‍ഷിക സര്‍വകലാശാല ശാസ്‌ത്രജ്ഞരായ ഡോ.ബിനിത എന്‍.കെ, ഡോ.നിധീഷ്‌.പി, പ്ലാന്റേഷന്‍ കോര്‍പറേഷന്‍ കേരള എന്‍ജിനീയര്‍ വിമല്‍ സുന്ദര്‍, അസി.എക്‌സൈസ്‌ കമ്മീഷണര്‍ എസ്‌.കൃഷ്‌ണ കുമാര്‍, എന്‍.എച്ച്‌.എം ഡി.പി.എം ഡോ.റിജിത്‌ കൃഷ്‌ണന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) ഡോ.ജോമി ജോസഫ്‌, മെഡിക്കല്‍ ഓഫീസര്‍ ഡോ.ആശാ മേരി.സി.എസ്‌, സമരസമിതി പ്രതിനിധി പി.വി.സുധീര്‍കുമാര്‍, ജില്ലാ പരിസ്ഥിതി സമിതി പ്രതിനിധി വിനയകുമാര്‍ വി.കെ. തുടങ്ങിയവര്‍ സംബന്ധിച്ചു.

NO COMMENTS

LEAVE A REPLY