കൂട്ടുകാരനെ കാണാൻ തോണിയിൽ യാത്ര ചെയ്ത് തെയ്യങ്ങൾ…! തെയ്യാട്ട കാലത്തെ അപൂർവ്വ കാഴ്ച

കാസർകോട് : കാഞ്ഞങ്ങാട് അരയി ഗ്രാമത്തിലാണ് തെയ്യങ്ങൾ മറ്റൊരു തെയ്യത്തെ കാണാൻ കടത്തു തോണിയിൽ പുഴ കടന്നെത്തുന്ന മനോഹര കാഴ്ച ഭക്തർക്ക് നവ്യാനുഭൂതി പകർന്നത്. അരിവിതച്ച് അരയിയെ സമൃദ്ധമാക്കി കാർത്തിക ചാമുണ്ഡിയാണ് അരയി പുഴ കടന്ന് കാലിച്ചേകവനെ തേടി പോകുന്നത്. തുലാം പത്തിന് ഉത്തരമലബാറിൽ തെയ്യക്കാലം ആരംഭിച്ച രണ്ടാം ദിനത്തിലാണ് അരയി ഗ്രാമത്തിൽ അപൂർവമായ വർഷം തോറുമുള്ള തെയ്യങ്ങളുടെ തോണി കടക്കൽ ചടങ്ങ് നടന്നത്.നോക്കത്താ ദൂരത്തോളം പരന്നുകിടക്കുന്ന ജലപാടമാണ് അരയി. അരയി കാർത്തിക കാവിൽ നിന്നും അരയിലെ കൃഷിയിടങ്ങൾ നോക്കി കാണാനാണ് കാർത്തിക ചാമുണ്ഡിയും കാലിച്ചാൻ തെയ്യവും തോണി കടന്നത്. വിത്ത് വിതയ്ക്കുന്നതിനും പരിപാലിക്കുന്നതിനും സംരക്ഷിക്കുന്നതിനും തെയ്യത്തിനെ ആശ്രയിക്കുന്ന വടക്കേ മലബാറിലെ തെയ്യാട്ടത്തിന്റെ തുടക്കം കുറിച്ചാണ് അരയിയിലെ വയലുകൾ സന്ദർശിക്കാൻ തെയ്യങ്ങൾ പുറപ്പെടുന്നത്.വയലുകളുടേയും കൃഷിയുടെയും സംരക്ഷകയാണ് കാർത്തിക ചാമുണ്ഡിയെന്നാണ് ഐതിഹ്യം. ഇവർക്കൊപ്പം ഗുളികൻ തെയ്യവും കൂടെ ചേർന്നാണ് തോണിയിൽ കാലിച്ചേകവനെ കാണാനെത്തിയത്. വളർത്തു മൃഗങ്ങളുടെ സംരക്ഷകനാണ് കാലിച്ചേകവൻ തെയ്യം. കാർത്തിക ചാമുണ്ഡിയും കാലിച്ചേകവനും കണ്ടുമുട്ടി കാർഷിക സമൃദ്ധിയുടെ ഓർമ്മകൾ പങ്കുവെച്ചു. ദേശവും കൃഷിയും കൈവിടാതെ കാത്തോളം എന്ന വാക്ക് പരസ്പരം ഓർമിപ്പിച്ചു ഉപചാരം ചൊല്ലി പിരിഞ്ഞു. രണ്ട് തെയ്യങ്ങളുടേയും ദീർഘ സംഭാഷണം പൂർത്തിയാക്കി ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞാണ് മടക്കയാത്ര. ഈശ്വര സങ്കൽപ്പത്തെ പ്രകൃതിയുമായി ചേർത്താണ് കാർത്തിക ചാമുണ്ഡി കാലിച്ചേകവൻ തെയ്യങ്ങളുടെ കൂടിക്കാഴ്ചയുടെ ആധാരം. കന്നുകാലികളുടെ സഹായമില്ലാതെ കൃഷിയിറക്കാൻ കഴിയാതിരുന്ന കാലത്തെ ഓർമപ്പെടുത്തൽ കൂടിയാണ് തെയ്യങ്ങളുടെ കണ്ടുമുട്ടൽ. അരയി കളിയാട്ടത്തിന് ശേഷമാണ് കൃഷിപ്പണികൾക്ക് തുടക്കമാവുന്നത്. പുലയ സമുദായക്കാരാണ് കാർത്തിക വയൽ പ്രദേശത്തെ ആദിമവാസികൾ. ഇവർ തന്നെയാണ് ഈ തെയ്യങ്ങൾ കെട്ടിയാടുന്നത്. ഇക്കുറി ഈ അപൂർവ ദൃശ്യങ്ങൾ പകർത്താൻ മഹാരാഷ്ട്രയിലെയും കർണാടകയിലെയും തമിഴ്നാട്ടിലെയും മാധ്യമ പട തന്നെ അരയിയിലെത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page