സംസ്ഥാനത്ത് കനത്ത മഴ തിരുവനന്തപുരത്തും കൊച്ചിയിലും വെള്ളക്കെട്ട്; പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്;ടെക്നോപാർക്കിൽ വെള്ളം കയറി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ. തിരുവനന്തപുരത്ത് രാത്രിയിലുണ്ടായ ശക്തമായ മഴയിൽ പലയിടത്തും വെള്ളക്കെട്ട് രൂപം കൊണ്ടു. നിരവധി കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. അഞ്ച് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇന്ന് പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി,ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.
പോത്തൻകോട് വീടിന്റെ മതിലിടിഞ്ഞ് വീണ് യുവാവിന് പരുക്ക്. കല്ലുവിള സ്വദേശി അരുണിനാണ് പരുക്കേറ്റത്. കാലിന് പരുക്കേറ്റ അരുണിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.തെറ്റിയാര്‍ കരകവിഞ്ഞതോടെ ചരിത്രത്തിലാദ്യമായി ടെക്നോപാര്‍ക്ക് മുങ്ങി. ഗായത്രി ബില്‍ഡിംഗിലേക്ക് വെള്ളം കയറി. ഇവിടെ നിരവധി വാഹനങ്ങളും വെള്ളത്തിനടിയിലായെന്നാണ് റിപ്പോര്‍ട്ട്. പ്രധാന ഗേറ്റുവഴിയുള്ള ഗതാഗതവും നിരോധിച്ചിരിക്കുകയാണ്. ഞായറാഴ്ച ആയതിനാല്‍ ടെക്നോപാര്‍ക്കിലെ ഒട്ടുമിക്ക ഓഫീസുകളും, സ്ഥാപനങ്ങളും അവധിയാണ്. തെറ്റിയാര്‍ തോടില്‍ നിന്നുളള വെള്ളം കയറിയതിനെത്തുടര്‍ന്ന് മൂന്നുകുടുംബങ്ങളെ ഫയര്‍ഫാേഴ്സ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.ഫേസ് ത്രീ കാമ്ബസിനുസമീപം തെറ്റിയാര്‍ തോടില്‍ നിന്നുള്ള വെള്ളം കയറിയതോടെ ഇവിടത്തെ ഹോസ്റ്റലില്‍ നിരവധി പെണ്‍കുട്ടികള്‍ കുടുങ്ങി ഇവരെ പിന്നീട് ഫയർഫോഴ്സ് സംഘമെത്തി രക്ഷപ്പെടുത്തി.ശ്രീകാര്യത്ത്  മഴയിൽ സംരക്ഷണഭിത്തി തകർന്നു വീടിനു മുകളിൽ പതിച്ചു. ശ്രീകാര്യത്തെ ഗുലാത്തി ഇൻറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷന്റെ പിൻഭാഗത്തെ മതിൽ ഇടിഞ്ഞുവീണാണ് സമീപത്തെ നാല് വീടുകളുടെ മുകളിലേക്ക് പതിച്ചത്. ഞായറാഴ്ച വെളുപ്പിന് 12.30ഓടെയാണ് സംഭവം. പൊലിസും ഫയർഫോഴ്സും സ്ഥലത്തെത്തി. ആർക്കും പരുക്കില്ല. വടക്കൻ കേരളത്തിൽ കാര്യമായ നാശ നഷ്ടങ്ങൾ മഴയിൽ ഉണ്ടായിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page