ആവശ്യത്തിന് ജീവനക്കാരില്ല; പഞ്ചായത്ത് സെക്രട്ടറിയെയും ജീവനക്കാരെയും ഓഫീസിനകത്ത് താഴിട്ട് പൂട്ടി ബി.ജെ.പി അംഗങ്ങള്‍

കാസര്‍കോട്: ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനെ തുടര്‍ന്ന് ബിജെപി അംഗങ്ങളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് സെക്രട്ടറിയെയും ജീവനക്കാരെയും ഓഫീസിനകത്താക്കി താഴിട്ടു പൂട്ടി. മംഗല്‍പാടി ഗ്രാമപഞ്ചായത്തില്‍ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. മാസങ്ങളോളമായി പഞ്ചായത്തില്‍ ആവശ്യത്തിന് ജീവനക്കാരുടെ കുറവാണുള്ളത്. നാമാത്രമായ ജീവനക്കാരാണ് നിലവിലുള്ളത്. ഇതുകാരണം പല ആവശ്യങ്ങള്‍ക്കായി പഞ്ചായത്തിലെത്തുന്ന പൊതുജനങ്ങള്‍ നിരാശരായി തിരിച്ചുപോവുകയാണിപ്പോള്‍. കൂടാതെ പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളും താറുമാറായി കിടക്കുകയാണ്. ജീവനക്കാരുടെ കുറവിനെ തുടര്‍ന്ന് നേരത്തെ പഞ്ചായത്ത് ഡപ്യൂട്ടി ഡയരക്ടര്‍ ഓഫീസിന് മുന്നില്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ ധര്‍ണാസമരം വരെ നടത്തിയിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസിലെത്തിയ ജനങ്ങളുടെ പരാതിയെ തുടര്‍ന്നാണ് ബി.ജെ.പി അംഗങ്ങളായ വിജയ റൈ, രേവതി, കിഷോര്‍, സുധാ ഗണേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ സെക്രട്ടറിയെയും ജീവനക്കാരെയും ഉപരോധിച്ച് ഓഫീസിനകത്താക്കി പുതിയ താഴിട്ടു പൂട്ടിയത്. ഓഫീസനകത്ത് പെട്ട ജീവനക്കാരുടെ വിവരത്തെ തുടര്‍ന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. ഉടന്‍ തന്നെ സമരക്കാരിലൊരാളായ വിജയ റൈയെ വിളിച്ച് വ്യാഴാഴ്ച 11 മണിക്കകം പ്രശ്‌നപരിഹാരമുണ്ടാക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. ഇതേ തുടര്‍ന്നാണ് ഒരുമണിക്കൂറിന് ശേഷം ഓഫീസ് തുറന്നത്. വിവരത്തെ തുടര്‍ന്ന് പൊലിസും സ്ഥലത്തെത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page