കാസര്‍കോട്: തൃക്കരിപ്പൂര്‍ ഒളവറയില്‍ മരമില്ലില്‍ വന്‍ തീപിടിത്തം. ലക്ഷങ്ങളുടെ മരത്തടികള്‍ കത്തിനശിച്ചു. എട്ടുമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ ഫയര്‍ഫോഴ്‌സ് തീയണച്ചു. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. ഞായറാഴ്ച അര്‍ധരാത്രി 12 മണിയോടെയാണ് വികെപി അബ്ദുല്‍ റഷീദിന്റെ ഉടമസ്ഥതയിലുള്ള ബ്രൈറ്റ് ടിമ്പേഴ്‌സ് മരമില്ലിലാണ് തീപിടിത്തമുണ്ടായത്. വഴിയാത്രക്കാരനാണ് മില്ലില്‍ നിന്നും തീയും പുകയും ഉയരുന്നത് ആദ്യം കണ്ടത്. ഇയാള്‍ തൃക്കരിപ്പൂരിലെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്‌റ്റേഷന്‍ ഓഫീസര്‍ കെവി പ്രഭാകരന്റെ നേതൃത്വത്തില്‍ തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, പെരിങ്ങോം, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ നിന്നായി അഗ്നിശമന സേനയുടെ 5 യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്. രാവിലെ ആറുമണിയോടെയാണ് തീ പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചത്. മില്ലിലെ ഈര്‍ച്ച മരത്തിനും കൂട്ടിയിട്ട മരത്തടികളുമാണ് കത്തിനശിച്ചത്. അതേസമയം ഫര്‍ണിച്ചരുകളിലേക്ക് തീപടരുന്നത് ഫയര്‍ഫോഴ്‌സിന് തടയാന്‍ കഴിഞ്ഞു. ലക്ഷങ്ങളുടെ മരത്തടികളാണ് അഗ്നിക്കിരയായത്. ഷോര്‍ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിച്ചതെന്നാണ് സംശയിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.