കൊച്ചി: യാത്രക്കാരുടെ തിരക്ക് കാരണം ജനറല്‍ കോച്ചുകളിലും, സ്ലീപ്പര്‍ ക്ലാസുകളിലും കാലുകുത്താന്‍ ഇടമില്ലാതെയുള്ള ട്രെയിന്‍ യാത്ര ദുരിതമാകുന്നു. റെയില്‍വേയുടെ പുതിയ ട്രെയിന്‍ സമയപ്പട്ടിക നിലവില്‍ വന്നിട്ടും യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമില്ല. കേരളത്തിലോടുന്ന 30 ട്രെയിനുകളിലെയും യാത്ര കഠിനം തന്നെ. തിങ്ങി നിറഞ്ഞ് ശ്വാസം മുട്ടിയാണ് യാത്ര. ജനറല്‍ കോച്ചുകളുടെ കാര്യം പറയുകയേ വേണ്ട. അധിക കോച്ചുകളോ, പുതിയ ട്രെയിനുകളോ കേന്ദ്രസര്‍ക്കാര്‍ പരിഗണനയിലില്ല. ഇത് യാത്ര ക്ലേശം വര്‍ദ്ധിക്കാന്‍ കാരണമായിടുണ്ട്. നിലവിലോടുന്ന ട്രെയിനുകളുടെ വേഗത വര്‍ദ്ധിപ്പിക്കാനാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന് താല്പര്യം. ശനിയാഴ്ച എറണാകുളം-ഓഖാ എക്സ്പ്രസില്‍ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ കയറാനാവാതെ ഒട്ടേറെ യാത്രക്കാര്‍ തിരിച്ചു പോകേണ്ടിവന്നു. തിരക്കുമൂലം സ്ലീപ്പര്‍ കോച്ചില്‍ കയറാനും സാധിച്ചില്ല. എറണാകുളത്തുനിന്ന് കാസര്‍കോടുവരെ ഇതേ തിരക്കായിരുന്നുവെന്നും യാത്രക്കാര്‍ പറയുന്നു. യാത്രാദുരിതം പലപ്പോഴും യാത്രക്കാര്‍ ജനപ്രതിനിധികളെ ധരിപ്പിക്കാറാണ് പതിവ്. ഈ വിഷയം പാര്‍ലമെന്റിലടക്കം ജനപ്രതിനിധികള്‍ ഉയര്‍ത്തുന്നുവെങ്കിലും കേന്ദ്ര റെയില്‍വേ മന്ത്രാലയം ചെവി കൊള്ളുന്നില്ല. കഴിഞ്ഞ ക്രിസ്മസ്-പുതുവത്സര സമയത്ത് കൂടുതല്‍ ട്രെയിന്‍ അനുവദിക്കണമെന്ന കേരള എംപിമാരുടെ ആവശ്യം പോലും കേള്‍ക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം തയ്യാറായിരുന്നില്ല. ഇതുമൂലം വിവിധ സംസ്ഥാനങ്ങളിലുള്ള മലയാളികള്‍ക്ക് നാട്ടിലെത്താന്‍ പറ്റാത്ത അവസ്ഥയും ഉണ്ടായി. അതിനിടെ ഷോര്‍ണൂര്‍-കണ്ണൂര്‍ സ്പെഷല്‍ മെമു ട്രെയിന്‍ സര്‍വീസ് മഞ്ചേശ്വരം വരെ നീട്ടണമെന്ന ആവശ്യവും റെയില്‍വേ ഇതുവരെ പരിഗണിച്ചിട്ടില്ല. ഈ വിഷയത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന് എംപി കേന്ദ്ര റെയില്‍വേ മന്ത്രിയെ നേരിട്ട് കണ്ട് നിവേദനം നല്‍കിയിരുന്നു. ഇപ്പോഴും പ്രതീക്ഷ കൈവിടാതെ ജനപ്രതിനിധികളും, സന്നദ്ധ സംഘടനകളും നിവേദനങ്ങള്‍ നല്‍കിവരുന്നുണ്ട്. രണ്ട് ദിവസം മുമ്പ് കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍ ഈ വിഷയത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന് എംപിക്ക് വീണ്ടും നിവേദനം നല്കി. മൊഗ്രാല്‍ ദേശീയവേദി പ്രസിഡണ്ട് ടികെ അന്‍വര്‍ പാലക്കാട് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ക്ക് നിവേദനം ഈമെയില്‍ വഴി അയച്ചു കൊടുത്തിട്ടുണ്ട്.