കണ്ണൂര്‍: കെ എസ് ആര്‍ ടി സി ബസ് സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ സിവില്‍ എഞ്ചിനീയര്‍ മരിച്ചു. തലശ്ശേരി ചേറ്റംകുന്ന്, റോസ്മന്‍സിലിലെ സജ്മീര്‍ (35) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10.30ന് ആണ് അപകടം. തലശ്ശേരിയില്‍ നിന്നു എടക്കാട്ടെ ഭാര്യാ വീട്ടിലേയ്ക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്നു സജ്മീര്‍. സര്‍വ്വീസ് റോഡില്‍ കൂടി സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടയില്‍ പിന്നില്‍ നിന്ന് എത്തിയ കെ എസ് ആര്‍ ടി സി ബസിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ സജ്മീറിനെ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുഴപ്പിലങ്ങാട്, ടിപ്പ്‌ടോപ്പ്, റഹ്‌മാനിയ മസ്ജിദിനു സമീപത്തെ പരേതനായ അബ്ബാസ് ഹാജിയുടെ മകള്‍ ശബാനയാണ് ഭാര്യ. രണ്ടു കുട്ടികളുണ്ട്. ഖബറടക്കം തലശ്ശേരി സ്റ്റേഡിയം പള്ളിഖബര്‍ സ്ഥാനില്‍ നടക്കും.