ജയ്പൂര്‍: ഭൂമി തര്‍ക്കത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ രാജസ്ഥാനില്‍ നിന്നുള്ള 40 കാരിയായ സ്ത്രീയുടെ മൂക്ക് അനന്തരവനും മറ്റ് ബന്ധുക്കളും ചേര്‍ന്ന് മുറിച്ചെടുത്തു. മുറിച്ച മൂക്ക് ബാഗിനുള്ളിലാക്കി അവര്‍ ആശുപത്രിയിലെത്തി. പ്ലാസ്റ്റിക് സര്‍ജറിയിലൂടെ മൂക്ക് തുന്നിച്ചേര്‍ക്കാനുള്ള ശ്രമത്തിലാണ് ആശുപത്രി അധികൃതര്‍. ജലോറിയെ സെയ്‌ല സ്വദേശി കുക്കിദേവിയാണ് ആക്രമണത്തിന് ഇരയായത്. കുക്കി ദേവി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൈലയിലെ മോക്നി ഗ്രാമത്തിലെ മാതൃവീട്ടില്‍ താമസിച്ചുവരികയായിരുന്നു. അവിടെയുള്ള ഒരുസ്ഥലത്തെച്ചൊല്ലി അമ്മാവനും മരുമകനും തമ്മില്‍ ഭൂമി തര്‍ക്കമുണ്ടായിരുന്നു. കഴിഞ്ഞദിവസം മരുമക്കള്‍ക്കും അവരുടെ മകനുമൊപ്പം കുക്കിദേവി തര്‍ക്കസ്ഥലം സന്ദര്‍ശിക്കാനായി പോയി. ഈ സമയം അനന്തരവനായ ഓംപ്രകാശും മറ്റുബന്ധുക്കളും ചേര്‍ന്ന് ഇവരെ ആക്രമിക്കുകയായിരുന്നു. തര്‍ക്കത്തിനിടെ ഓംപ്രകാശ് കത്തി ഉപയോഗിച്ച് കുക്കി ദേവിയുടെ മൂക്ക് അറുത്തുമാറ്റുകയായിരുന്നു. എന്നാല്‍ മനോധൈര്യം വിടാത്ത കുക്കിദേവി മുറിഞ്ഞുവീണ മൂക്ക് ബാഗിലാക്കി തൊട്ടടുത്തുള ആശുപത്രിയിലെത്തി. മൂക്ക് സാരമായി മുറിഞ്ഞിട്ടുണ്ടെന്നും പ്ലാസ്റ്റിക് സര്‍ജറിയിലൂടെ മാത്രമേ മൂക്ക് ഘടിപ്പിക്കാന്‍ കഴിയൂവെന്നും ബംഗാര്‍ ആശുപത്രിയിലെ ഡോക്ടര്‍ ജുഗല്‍ മഹേശ്വരി പറഞ്ഞു. പക്ഷേ, അവിടെ മൂക്ക് തുന്നിച്ചേര്‍ക്കുന്നതിനുള്ള സൗകര്യമുണ്ടായിരുന്നില്ല. കുക്കി ദേവിയെ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ജോധ്പൂരിലെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ശസ്ത്രക്രിയ പൂര്‍ണവിജയത്തിലെത്തുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. അതേസമയം അക്രമികള്‍ക്കെതിരെ പൊലീസ് കേസെടുത്തോ എന്ന് വ്യക്തമല്ല.