കാസര്‍കോട്: 15 വയസുകാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് വിവിധ വകുപ്പുകള്‍ പ്രകാരം 49 വര്‍ഷം കഠിന തടവിനും 3,60,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ബേഡഡുക്ക പന്നിയാടി സ്വദേശി ഗോപി(51)യെയാണ് ഹൊസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് കോടതി സ്‌പെഷല്‍ കോടതി ജഡ്ജ് പിഎം സുരേഷ് ശിക്ഷിച്ചത്. പോക്‌സോ നിയമം കൂടാതെ ഇന്‍ഡ്യന്‍ ശിക്ഷാ നിയമം 376(3) വകുപ്പ് പ്രകാരം 20 വര്‍ഷം കഠിന തടവും 1,50,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം അധിക തടവും, 354 (എ)(1)(ശ) വകുപ്പ് പ്രകാരം രണ്ട് വര്‍ഷം കഠിന തടവും 5,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ 3 മാസം അധിക തടവും, 451 വകുപ്പ് പ്രകാരം 2 വര്‍ഷം കഠിന തടവും 5,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം അധിക തടവുമാണ് ശിക്ഷ. ശിക്ഷകള്‍ ഒന്നിച്ചനുഭവിച്ചാല്‍ മതി. 15 വയസ് പ്രായമുള്ള പെണ്‍കുട്ടിയെ 2021 ഒക്ടോബര്‍ മാസത്തില്‍ ആദ്യത്തെ ആഴ്ചയിലെ ഒരു ദിവസം രാവിലെ എട്ട് മണിയോടെ പെണ്‍കുട്ടി താമസിക്കുന്ന വീട്ടിലേക്ക് മാറ്റാരുമില്ലാത്ത സമയത്ത് പ്രതി വന്ന് പീഡിപ്പിച്ചെന്നാണ് കേസ്. അതേവര്‍ഷം ക്രിസ്മസ് കഴിഞ്ഞുള്ള ഒരു ദിവസം രാവിലെ ഒമ്പത് മണിക്കും പ്രതി വീട്ടിലെ കിടപ്പുമുറിയിലേക്ക് അതിക്രമിച്ച് കടന്ന് ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്തുവെന്നാണ് കേസ്. ബേഡകം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി വിധി. കേസിന്റെ ആദ്യം അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത് അന്നത്തെ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ടി ദാമോദരനും, അന്വേഷണം പൂര്‍ത്തിയാക്കി പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ എസ്‌ഐ എം ഗംഗാധരനും ആയിരുന്നു. പ്രോസിക്യൂഷന് വേണ്ടി ഹൊസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി പബ്ലിക് പ്രോസിക്യൂട്ടര്‍ എ ഗംഗാധരന്‍ ഹാജരായി.