മീ…ടൂ…മീ…ടൂ…മീ…മീ…

 

മാതൃകയാക്കേണ്ടത് എപ്പോഴും പദവി നോക്കിയിട്ട്-വ്യക്തികളെ ആയാലും രാഷ്ട്രങ്ങളെ ആയാലും. ഈ തത്വം വെച്ച് അമേരിക്കയെ മാതൃകയാക്കിയത് തികച്ചും ന്യായം.
ബഹുമുഖ പ്രതിഭയായ ഒരു അമേരിക്കക്കാരന്‍ ബില്‍ക്കോസ്. ഹാസ്യനടന്‍, ടി.വി അവതാരകന്‍, സിനിമാ നിര്‍മ്മാതാവ്, സംവിധായകന്‍.
അദ്ദേഹത്തിനെതിരെ ലൈംഗിക പീഡനാരോപണവുമായി അമ്പത്തഞ്ചുകാരിയായ ജൂഡിഹത്ത്. മാധ്യമപ്രവര്‍ത്തകരെ വിളിച്ച് പറയുകയായിരുന്നില്ല, ലോസ് ആഞ്ചല്‍സിലെ സുപ്പീരിയര്‍ കോര്‍ട്ടില്‍ പരാതി സമര്‍പ്പിച്ചു.
ഹര്‍ജി വായിച്ചു നോക്കിയപ്പോള്‍ തന്നെ കോടതി അമ്പരന്നിട്ടുണ്ടാകും. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ് (നമ്മുടെ കോടതികള്‍ പറയുന്ന അര്‍ത്ഥത്തിലല്ല).
ഹര്‍ജിയുടെ ചുരുക്കം: തനിക്ക് 15 വയസ്സുള്ളപ്പോള്‍ തന്നെയും 16 കാരനായ സുഹൃത്തിനെയും പ്ലേ ബോയ് മാന്‍ഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി പ്രശസ്ത നടന്‍ ബില്‍ക്കോസ് ലൈംഗികമായി പീഡിപ്പിച്ചു. 1974ല്‍ സിനിമാ ഷൂട്ടിംഗ് സെറ്റില്‍ വച്ച് കണ്ടു പരിചയപ്പെട്ടിട്ടുണ്ടായിരുന്നു. തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് ആരോടും പറഞ്ഞില്ല. ഇപ്പോഴും കടുത്ത മാനസിക സംഘര്‍ഷം വിട്ടുമാറിയിട്ടില്ല.
ജൂഡിഹത്തിന് ഇപ്പോള്‍ 55 വയസ്സ്. 40 കൊല്ലം മുമ്പ് ഉണ്ടായ പീഡനം സംബന്ധിച്ചാണ് കേസ്. പരാതി സ്വീകരിച്ച് കോടതി കേസ് ഫയല്‍ ചെയ്തു. നടന്റെ പേരില്‍ ക്രിമിനല്‍ കേസെടുത്തു. തുടര്‍ന്ന് നടന്നതെന്തെന്ന് വാര്‍ത്തയിലില്ല. പത്രവാര്‍ത്ത (4.2.2014)അന്വേഷണവും വിചാരണയും വിധിപ്രസ്താവവും യഥാവിധി നടന്നിട്ടുണ്ടാകും. അമേരിക്കയല്ലേ. ഈ പീഡനക്കേസ് സംബന്ധിച്ച വാര്‍ത്ത വരുന്നതിന് രണ്ടുകൊല്ലം മുമ്പ് സമാനമായ ഒരു കേസ് നമ്മുടെ ജില്ലയിലുണ്ടായി. പെരിയ ചെര്‍ക്കപ്പാറയിലെ ചന്ദ്രന്‍ എന്ന 55കാരന്‍, മലയോരവാസിയായ 14 കാരിയെ പീഡിപ്പിച്ചു. 1996ല്‍. വിവാഹ വാഗ്ദാനം നല്‍കി ബന്ധം തുടര്‍ന്നു. അവള്‍ ഗര്‍ഭം ധരിച്ചു എന്നറിഞ്ഞപ്പോള്‍ ചന്ദ്രന്‍ അവളെ ഉപേക്ഷിച്ച് സ്ഥലം വിട്ടു. എന്നാല്‍ മറന്നില്ല. മകള്‍ക്ക് 15 വയസ് തികഞ്ഞപ്പോള്‍, അയാള്‍ വീണ്ടും അടുത്തു. ബന്ധം തുടര്‍ന്നു. വീണ്ടും ഗര്‍ഭം ധരിച്ചു. അത് അറിഞ്ഞപ്പോള്‍ അയാള്‍ മുങ്ങി. രണ്ടാമത്തെ മകള്‍ക്ക് എട്ടു വയസ്സു തികഞ്ഞപ്പോള്‍ 2012ല്‍ നായിക, വനിതാ കമ്മീഷനില്‍ പരാതി നല്‍കി. തന്റെ പീഡനം സംബന്ധിച്ച്, കമ്മീഷന്‍ നടപടിയെടുത്തു. പൊലീസ് കേസെടുത്തു.
ചന്ദ്രനെ അറസ്റ്റ് ചെയ്തു. (മാതൃഭൂമി 24.2.2012) പിന്നെ?
വി.വി.ഐ.പി താരപരിവേഷങ്ങളൊന്നുമില്ലാത്തവരാണ് പീഡകനും ‘ഇര’യും അഥവാ ‘അതിജീവിത’യും.
നമ്മുടെ സിനിമാ മേഖലയില്‍ അനാശ്യാസമായ പലതും നടക്കുന്നു. അതേ നടക്കുന്നുള്ളൂ എന്ന അവസ്ഥ. ലൈംഗികാതിക്രമം, ഭീഷണി, ചൂഷണം, അവഗണന, ഒതുക്കല്‍, പ്രതിഫലത്തില്‍ വിവേചനം-ഇങ്ങനെ നടക്കാന്‍ പാടില്ലാത്ത പലതും നടക്കുന്നു. സര്‍ക്കാര്‍ ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചു. റിട്ടേര്‍ഡ് ജഡ്ജി ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തില്‍. നടി ശാരദ, വത്സല കുമാരി ഐ.എ.എസ് എന്നിവര്‍ അംഗങ്ങള്‍. 2017 ജൂലൈ ഒന്നിന് നിയമിക്കപ്പെട്ട അന്വേഷണ കമ്മിറ്റി 2019 ഡിസംബര്‍ 31ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്താണ് കമ്മിറ്റി കണ്ടെത്തിയത,് എന്ന് അറിയണമെന്ന് ആര്‍ക്കും തോന്നിയില്ല-നാലര വര്‍ഷം റിപ്പോര്‍ട്ട് പൂഴ്ത്തി വെച്ചു എന്ന് ഇപ്പോള്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന പ്രതിപക്ഷ നേതാവിന് പോലും. ഒരു വിവരാവകാശ പ്രവര്‍ത്തകന്‍ ഇടപെട്ടു. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ. അബ്ദുല്‍ ഹക്കീം റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഉത്തരവിട്ടു. വ്യക്തികളുടെ സ്വകാര്യത പരസ്യമാക്കാന്‍ പാടുണ്ടോ?സിനിമ നിര്‍മാതാവായ സജിമോന്‍ പാറയില്‍ ഉടക്കിട്ടു; കോടതിയെ സമീപിച്ചു. വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കാന്‍ വേണ്ട കരുതല്‍ നടപടികളോടെ വിവരം പുറത്തുവിടാവുന്നതാണെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സര്‍ക്കാര്‍ അപ്രകാരം ചെയ്യും മുമ്പേ നടി രഞ്ജിനി കോടതിയിലെത്തി. കോടതി എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് റിപ്പോര്‍ട്ടിന്റെ കെട്ട് അഴിക്കും മുമ്പേ സാംസ്‌കാരിക വകുപ്പിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സുഭാഷിണി തങ്കച്ചി റിപ്പോര്‍ട്ട് പുറത്തുവിട്ടു. മാധ്യമങ്ങള്‍ക്ക് ചാകര. പ്രതിപക്ഷ നേതാവ് ഉറഞ്ഞുതുള്ളി. മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും ചെയ്തത് ക്രിമിനല്‍ കുറ്റം. രണ്ടുപേരും ഉടനെ രാജിവെക്കണം. അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടയില്‍ തങ്ങള്‍ക്കുണ്ടായ ലൈംഗിക പീഡനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞുകൊണ്ട് നടിമാര്‍ രംഗത്തെത്തി. എല്ലാവരും പറഞ്ഞത് വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ദുരനുഭവങ്ങള്‍. പ്രമുഖ നടന്‍, സംവിധായകന്‍, നിര്‍മാതാവ് മുറിയിലേക്ക് വിളിച്ചു, ചെന്നപ്പോള്‍ തലയില്‍ തലോടി, പിന്നെ പലേടത്തും പിടിച്ചമര്‍ത്തി, ഞെരിച്ചു, കട്ടിലില്‍ പിടിച്ചു കിടത്തി, മേലെ കയറി കിടന്നു… അങ്ങനെ അങ്ങനെ…
ബംഗാളി നടി ശ്രീലേഖ മിത്ര പറഞ്ഞത്: 15കാല്ലം മുമ്പ് അതായത് 2009ല്‍ സിനിമ ഡയറക്ടര്‍ രഞ്ജിത്ത് തന്നെ പീഡിപ്പിച്ചു. എന്നിട്ട് പരാതിപ്പെടാതിരുന്നതെന്ത് ഇതുവരെ? ഇപ്പോള്‍ കേസ് കൊടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ? നടിയുടെ മറുപടി;15 കൊല്ലം കഴിഞ്ഞില്ലേ, ഇനി പരാതി കൊടുക്കണം എന്ന് പറയുന്നതിന്റെ പ്രയോജനം മനസ്സിലാകുന്നില്ല;രഞ്ജിത്ത് ആരാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായില്ലേ, എനിക്ക് അത്രയേ വേണ്ടു. ഇനി മറ്റുള്ളവരാണ് ഈ വിഷയം ഏറ്റെടുക്കേണ്ടത്.
സംവിധായകന്‍ ജോഷി ജോസഫ് : ശ്രീലേഖ മിത്ര പരാതി നല്‍കിയാലേ നടപടിയെടുക്കു എന്ന് പറയുന്നത് അപഹാസ്യം. സംഭവം നടന്നതിന്റെ പിറ്റേന്ന് നടി തന്നോട് വിവരം പറഞ്ഞിരുന്നു. സാമൂഹ്യ പ്രവര്‍ത്തകനായ ഫാദര്‍ അഗസ്റ്റിന്‍ വട്ടോളിയോടും എഴുത്തുകാരി കെ.ആര്‍ മീരയോടും പറഞ്ഞിരുന്നു. എന്നിട്ടോ ഇവര്‍ ആരെങ്കിലും വെളിപ്പെടുത്തിയോ? സാമൂഹ്യപ്രവര്‍ത്തകനായ വൈദികന്‍ അടക്കം. ഒരു കുറ്റകൃത്യത്തെ കുറിച്ച് അറിഞ്ഞിട്ടും അതിനെതിരെ പ്രതികരിക്കാതിരിക്കുന്നതും കുറ്റമാണ് എന്ന് ഇവര്‍ക്കാര്‍ക്കും അറിയില്ലേ?
ഈ വിഷയം കത്തിക്കാളി നില്‍ക്കുന്നതിനിടയിലാണ് മറ്റൊരു വാര്‍ത്ത: (മാതൃഭൂമി 22.8.2024) ”ഇന്ത്യയിലെ 16 എംപിമാര്‍ക്കും 135 എംഎല്‍എമാര്‍ക്കും എതിരെ ലൈംഗിക പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രറ്റിക് റിഫോംസിന്റെ റിപ്പോര്‍ട്ട്. 2019നും 2024നും ഇടയില്‍ ഇലക്ഷന്‍ കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുള്ള വിവരങ്ങളാണ് റിപ്പോര്‍ട്ടിന് ആധാരം. ഇതില്‍ അഞ്ചുപേര്‍, 3 എംഎല്‍എമാരും, രണ്ട് എംപിമാരും. കേരളത്തില്‍ നിന്നുള്ളവര്‍. പേര്, പാര്‍ട്ടി വിവരങ്ങള്‍ വാര്‍ത്തയിലുണ്ട്. ലൈംഗികാതിക്രമ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍. ആ വിഷയം മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രശ്നമല്ല. പട്ടിക അപൂര്‍ണ്ണമാണ്.കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടവരുണ്ട്. അതും അവഗണിക്കപ്പെട്ടു.
ക്രിമിനല്‍ കേസില്‍ പ്രതിയായ വ്യക്തി, കോടതി കുറ്റവിമുക്തമാക്കിയാല്‍ പോലും പദവി വഹിക്കാന്‍ അനര്‍ഹനാണ് എന്ന് മധ്യപ്രദേശിലെ ഒരു കേസില്‍ സുപ്രീം കോടതി വിധിച്ചിട്ടുണ്ട് -ജസ്റ്റിസ്മാരായ ടി.എസ് ഠാക്കൂറും ആദര്‍ശ് ഗോയലും(5.12. 2014)
ഇതേ ന്യായം രാഷ്ട്രീയക്കാര്‍ക്കും ബാധകമാക്കേണ്ടതല്ലേ. കലാസാംസ്‌കാരിക-രാഷ്ട്രീയ മേഖലകളില്‍ വിളയാടുന്നവര്‍ക്ക് വിശേഷപരിഗണനയോ? അറിയാന്യായരഹസ്യം”
മീടു….മീടൂ…മീടൂ…മുഴങ്ങുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പെരിയ ഇരട്ടക്കൊല: സാമൂഹ്യ മാധ്യമങ്ങളില്‍ അപകീര്‍ത്തി പ്രചരണം; സിപിഎം ഉദുമ ഏരിയാ സെക്രട്ടറി മധു മുദിയക്കാല്‍ അടക്കം രണ്ടു പേര്‍ക്കെതിരെ കേസ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ കമന്റിനു താഴെ അശ്ലീല കമന്റിട്ട മൂന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസ്

You cannot copy content of this page