കാസര്‍കോട്: പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന വിധത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച വ്യവസായ പാര്‍ക്കിനെതിരെ പരിസരവാസികള്‍ പ്രതിഷേധവുമായി രംഗത്ത്. നീര്‍ച്ചാലിന് സമീപം മൊളേയാറിലെ കാര്‍ഷിക മേഖലയിലെ ജനവാസ കേന്ദ്രത്തില്‍ ആരംഭിച്ച മുണ്ടോള്‍ വ്യവസായ പാര്‍ക്കിനെതിരെയാണ് പ്രതിഷേധം ശക്തമായത്. നീര്‍ച്ചാല്‍ വില്ലേജിലെ 182/2, 182 ബേള വില്ലേജിലെ 12ഏക്കര്‍ സ്ഥലത്താണ് വ്യവസായ പാര്‍ക്കിനുള്ള സ്ഥലം കണ്ടെത്തി റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചത്. മണ്ണ് ജലസംരക്ഷണം നിലനിര്‍ത്തികൊണ്ട് നീര്‍ത്തടം സംരക്ഷിക്കണമെന്ന ചട്ടം നിലനില്‍ക്കെ, പരമ്പരാഗതമായി കാര്‍ഷിക മേഖലയിലേക്ക് പരിസരത്തെ കര്‍ഷകര്‍ ഉപയോഗിച്ചു വന്നിരുന്ന നീര്‍ത്തടം മണ്ണിട്ട് നികത്തിയാണ് വ്യവസായ പാര്‍ക്കിന്റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. വേനല്‍ കാലത്ത് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍പോലും പരിസരത്തെ മൂന്ന് കിലോ മീറ്റര്‍ വിസ്തൃതിയിലുള്ള കൃഷിയിടത്തിലേക്ക് ആവശ്യമുള്ള വെള്ളം ഒഴുകുന്ന ഓവുചാലാണ് എസ്റ്റേറ്റിന്റെ മറവില്‍ മണ്ണിട്ട് നികത്തി ഇല്ലാതാക്കിയതെന്നാണ് ആക്ഷേപം. ഒരു വശത്ത് വെള്ളക്കെട്ട് നികത്തിയും മറ്റൊരു വശത്ത് രാസവസ്തു ഉപയോഗിച്ച് ഉത്പ്പാദിപ്പിക്കുന്ന കെമിക്കല്‍ ഫാക്ടറിയും പ്രകൃതിയെ നശിപ്പിക്കുന്ന മറ്റു അനുബന്ധ സ്ഥാപനങ്ങളുമാണ് ഇവിടെ തുടങ്ങുന്നതെന്നും, ഇത് കാര്‍ഷിക മേഖലയുടെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്നാണ് ഇവിടുത്തെ കര്‍ഷകരും നാട്ടുകാരും ചുണ്ടിക്കാട്ടുന്നത്. അതുകൊണ്ട് ഇത്തരം വ്യവസായത്തെ എന്ത് വിലകൊടുത്തും എതിര്‍ക്കുമെന്നും പ്രദേശവാസികള്‍ പറയുന്നു. ഇതിനായി കര്‍ഷകന്‍ ഗണേഷ് അളക്കെ പ്രസിഡന്റായി നേതൃത്വത്തില്‍ പരിസര സംരക്ഷണ സമിതി എന്ന പേരില്‍ കമ്മിറ്റിക്ക് രൂപം നല്‍കി. ജില്ലാ കളക്ടര്‍ക്കും, കൃഷി വകുപ്പിനും വ്യവസായ വകുപ്പിനും റവന്യു, തദ്ദേശ സ്വയംഭരണ വകുപ്പിനും പരാതി നല്‍കിയിട്ടുണ്ട്.
