ചന്ദ്രയാൻ ലാൻഡർ ഇറങ്ങിയ ഇടം ഇനി ‘ശിവശക്തി’; ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിക്കാൻ വിദേശത്ത് നിന്ന് പറന്നെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ബെംഗളൂരു: ചന്ദ്രയാൻ 3 ന്‍റെ  ചരിത്ര വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെ ബെംഗളൂരുവിലെത്തി നേരിൽ കണ്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദ്രയാൻ 3 ദൗത്യത്തിന്റെ വിജയത്തിനു പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർക്ക് സല്യൂട്ട് നൽകിയ മോദി, ലാൻഡർ ഇറങ്ങിയ സ്ഥലം ‘ശിവശക്തി’ എന്ന് അറിയപ്പെടുമെന്നും അറിയിച്ചു. ചന്ദ്രയാൻ 2 ഇറങ്ങിയ സ്ഥലം തിരംഗ പോയിന്റ് എന്നറിയപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗ്രീസിൽ നിന്ന് ബെംഗളൂരുവിലെത്തി ശാസ്ത്രജ്ഞരെ നേരിട്ട് കാണുകയായിരുന്നു പ്രധാനമന്ത്രി. വിദേശത്ത് ആയിരുന്നെങ്കിലും എന്റെ മനസ്സ് ഇവിടെയായിരുന്നെന്നും മോദി ഇസ്ട്രാക്കിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. ലോകത്ത് ശാസ്ത്രത്തിലും ഭാവിയിലും വിശ്വസിക്കുന്ന എല്ലാ മനുഷ്യരും ഇന്ത്യയുടെ നേട്ടത്തിൽ സന്തോഷിക്കുമെന്ന് മോദി അറിയിച്ചു. വലിയ ശാസ്ത്ര സമസ്യകൾ പരിഹരിക്കാൻ ഇന്ത്യയ്ക്ക് കഴിയും. ഇത് വെറും നേട്ടമല്ല, ബഹിരാകാശത്ത് ഇന്ത്യയുടെ ശംഖനാദമാണ്. രാജ്യം ആഘോഷാരവം മുഴക്കിയ നിമിഷം എങ്ങനെ മറക്കും. ഒരോ ഇന്ത്യക്കാരനും സ്വന്തം നേട്ടം പോലെ ആഘോഷിച്ചു”- മോദി പറഞ്ഞു. ഐഎസ്ആർഒ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‍വർക്കി(ഇസ്ട്രാക്)ൽ എത്തിയ മോദിയെ ഐഎസ്ആർഒ മേധാവി എസ് സോമനാഥ് പൂച്ചെണ്ട് നൽകി സ്വീകരിച്ചു. സോമനാഥിനെ ആലിംഗനം ചെയ്ത മോദി ഒപ്പമുണ്ടായിരുന്ന ശാസ്ത്രജ്ഞരെ അഭിനന്ദനം അറിയിച്ചു. ഗ്രീസ് സന്ദർശനം പൂർത്തിയാക്കി നേരിട്ടു ബെംഗളൂരുവിലേക്ക് എത്തുകയായിരുന്നു. ഇസ്രോയുടെ ശാസ്ത്രനേട്ടത്തിൽ അഭിമാനമെന്ന് പ്രധാനമന്ത്രി മോദി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page