കാസര്‍കോട്ട്‌ ഇരട്ട ലോക്‌ഡൗണ്‍

0
87


കാസര്‍കോട്‌: ജില്ലയില്‍ കൊറോണ രോഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കാസര്‍കോട്‌ മുനിസിപ്പാലിറ്റിയിലും അഞ്ച്‌ സമീപ പഞ്ചായത്തുകളിലും പൊലീസ്‌ ഇരട്ട ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചു. ചെമ്മനാട്‌, മധൂര്‍, മൊഗ്രാല്‍പുത്തൂര്‍, ഉദുമ, പള്ളിക്കരഎന്നീ പഞ്ചായത്തുകളിലെ ജനങ്ങള്‍ വീട്‌ വിട്ടിറങ്ങുന്നത്‌ അതീവ കര്‍ശനമായി നിയന്ത്രിക്കാനാണ്‌ ഇതെന്ന്‌ അധികൃതര്‍ പറഞ്ഞു. കര്‍ശന നിയന്ത്രണങ്ങള്‍ക്കിടയിലും കാസര്‍കോട്ട്‌ കൊറോണ രോഗ ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്‌ പ്രതിരോധ നടപടികള്‍ കര്‍ശനമാക്കുന്നത്‌. കര്‍ശന സുരക്ഷാ നടപടികള്‍ക്കൊപ്പം ജനങ്ങള്‍ക്ക്‌ ഭക്ഷണവും അവശ്യ സാധനങ്ങളും മരുന്നും ഉറപ്പാക്കുന്നതിനും പൊലീസ്‌ അതീവ ജാഗ്രത പുലര്‍ത്തുന്നു. ജനജാഗ്രതാ സമിതികള്‍ ആശാ പ്രവര്‍ത്തകര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരും ജനങ്ങളെ സഹായിക്കാന്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്‌. അതേസമയം അത്യാവശ്യത്തിനല്ലാതെ ബൈക്കുകള്‍ യാത്ര ചെയ്‌ത പത്തുപേരെ പൊലീസ്‌ ഇന്ന്‌ അറസ്റ്റ്‌ ചെയ്‌തു. എട്ട്‌ ബൈക്കുകളും കസ്റ്റഡിയിലെടുത്തു.
ഇന്ന്‌ 12 പേര്‍ക്ക്‌ കൂടി രോഗ ബാധ കണ്ടെത്തിയതോടെ ജില്ലയില്‍ രോഗ ബാധിതരുടെ എണ്ണം 118 ആയി. 177 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്‌. വീടുകളില്‍ നിരീക്ഷണത്തിലുള്ള 8794 പേരെ ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി പരിശോധിക്കുന്നുണ്ട്‌

NO COMMENTS

LEAVE A REPLY