കലയെ മദ്യം കൊടുത്തു കാറില്‍ വച്ച് കൊന്ന ശേഷം കുഴിച്ചുമൂടി; മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി; ഭര്‍ത്താവ് അനിലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തില്‍ പൊലീസ്

ആലപ്പുഴ മാന്നാറിലെ കല കൊലക്കേസിലെ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ജിനു, സോമന്‍, പ്രമോദ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മൂന്ന് പ്രതികളെയും പ്രത്യേകം പ്രത്യേകം ഇരുത്തി മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ഇവരെ കോടതിയില്‍ ഹാജരാക്കുന്നതിനായി കൊണ്ടുപോയി. കേസില്‍ നാല് പ്രതികളെന്ന് പൊലീസ് കണ്ടെത്തല്‍. ഭര്‍ത്താവ് അനില്‍ ആണ് ഒന്നാം പ്രതി. അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആയ ജിനു, സോമന്‍, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികള്‍. സെപ്റ്റിക് ടാങ്കിലെ മൃതദേഹാവശിഷ്ടത്തില്‍ മാലയെന്ന് തോന്നിക്കുന്ന വസ്തു കണ്ടെത്തി. പരിശോധനയ്ക്ക് ഫൊറന്‍സിക്കിന്റെ പ്രത്യേക സംഘമെത്തി. കൊലപാതകത്തിനു മുന്‍പ് കലയെ ഭര്‍ത്താവ് അനില്‍ കാറില്‍ കയറ്റിയത് എറണാകുളത്ത് നിന്നാണെന്നാണ് നിഗമനം. ഭര്‍ത്താവടക്കം നാലുപേരും ചേര്‍ന്ന് കലയെ കാറില്‍വെച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് പൊലീസിന്റെ നിഗമനം. യുവതിയെ പതിനഞ്ച് വര്‍ഷം മുന്‍പ് ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടിയതാണെന്ന് പൊലീസ് എഫ്‌ഐആറില്‍ പറയുന്നത്. വലിയ പെരുമ്പുഴ പാലത്തില്‍ വച്ച് കലയുടെ മൃതദേഹം കണ്ടെന്ന് നിര്‍ണായക സാക്ഷി മൊഴിയും ലഭിച്ചിട്ടുണ്ട്. അനിലിന്റെ അയല്‍വാസി സുരേഷ് കുമാറിനെ മുഖ്യസാക്ഷിയാക്കിയുള്ള പൊലീസ് നീക്കമാണ് പ്രതികളെ കുടുക്കുന്നതില്‍ നിര്‍ണായകമായത്. ഊമക്കത്തില്‍ നിന്ന് ലഭിച്ച സൂചനകള്‍ പിന്തുടര്‍ന്ന പൊലീസിന് ഏറെ സഹായമായതും സുരേഷ് നല്‍കിയ വിവരങ്ങളാണ്.
അനിലിന്റെ വീട്ടിലും പൊലീസ് പരിശോധന നടത്തി. കൊലപാതകം എങ്ങനെ ആസൂത്രണം ചെയ്തു, എങ്ങനെ നടപ്പാക്കി, തെളിവ് നശിപ്പിക്കാന്‍ എന്തെന്തെല്ലാം ശ്രമം നടത്തി തുടങ്ങി, ദുരൂഹതയുടെ ചുരുളഴിക്കാനുള്ള സമഗ്ര അന്വേഷണമാണ് പുരോഗമിക്കുന്നത്. കൊലപാതകത്തിന് പിന്നില്‍ കലയെക്കുറിച്ചുള്ള അനിലിന്റെ സംശയമെന്ന് പൊലീസ് എഫ്‌ഐആറില്‍ പറയുന്നു.
കല മരിച്ചിട്ടില്ലെന്ന മകന്റെ പ്രതികരണം വൈകാരികമാണെന്നാണ് പൊലീസ് പറയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page