യുവമോര്‍ച്ചാ നേതാവിന്റെയും പിതാവിന്റെയും ദുരൂഹമരണം കേസ്
കേസ് കേരള പൊലീസിനു കൈമാറുമെന്ന് എസ്.പി; ശബ്‌ദസന്ദേശം സൈബര്‍ പരിശോധനയ്‌ക്കയച്ചു;
കാസർകോട് : യുവമോര്‍ച്ചാ നേതാവും പിതാവും ദുരൂഹ സാഹചര്യത്തില്‍ കടലില്‍ ചാടി ജീവനൊടുക്കിയ കേസ് കേരള പൊലീസിനു കൈമാറും. ദക്ഷിണ കന്നഡ ജില്ലാ പൊലീസ് മേധാവിയാണ് ഇക്കാര്യം ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളെ അറിയിച്ചത്. കർണാടകയിലെ ഉള്ളാള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസ് അന്വേഷണം അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥനെ മാറ്റണമെന്നും ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ എസ്‌പിയെ നേരില്‍ കണ്ട് പരാതിപ്പെട്ടിരുന്നു. ആശങ്ക വേണ്ടെന്നും കൃത്യമായ അന്വേഷണം നടത്തി പ്രതികള്‍ക്കെതിരെ നിയമനടപടി ഉറപ്പാക്കുമെന്നും എസ്.പി വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി മരണപ്പെട്ട ലോകനാഥ അയച്ചതെന്നു കരുതുന്ന വാട്‌സ്‌ആപ്പ് സന്ദേശം സൈബര്‍ പരിശോധനയ്‌ക്ക് അയച്ചതായും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളെ പൊലീസ് അറിയിച്ചു.
യുവമോര്‍ച്ച കുമ്പള മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡണ്ടായിരുന്ന രാജേഷി(28) കഴിഞ്ഞ മാസം 10നും പിതാവ് ലോകനാഥ (51)യെ ഈ മാസവുമാണ് കടലില്‍ ചാടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോകനാഥയുടെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ പ്രഭാവതി (49), മകന്‍ ശുഭം (25), പ്രഭാവതിയുടെ സഹോദരി ബേബി എന്ന ഭാരതി (38) ആരിക്കാടി, പള്ളത്തെ സന്ദീപ് (37) എന്നിവര്‍ക്കെതിരെയാണ് ഉള്ളാള്‍ പൊലീസ് കേസെടുത്തിട്ടുള്ളത്.