കാറഡുക്ക മറ്റൊരു കരുവന്നൂരോ? നേരറിയാന്‍ സംസ്ഥാന ക്രൈംബ്രാഞ്ച് എത്തുന്നു; സ്വര്‍ണ്ണം പണയപ്പെടുത്തിയവര്‍ ആശങ്കയില്‍

കാസര്‍കോട്: കാറഡുക്ക അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ സൊസൈറ്റിയില്‍ നടന്ന 4.76 കോടി രൂപയുടെ തട്ടിപ്പിനു പിന്നിലെ ഉള്ളറകള്‍ തേടി, നേരറിയാന്‍ സംസ്ഥാന ക്രൈംബ്രാഞ്ച് സംഘം എത്തുന്നു. ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗമാണ് എത്തുന്നത്. ഇതിനുള്ള ഒരുക്കങ്ങള്‍ മണ്ണൂരിലെ ഓഫീസില്‍ തകൃതിയായി പുരോഗമിക്കുന്നുണ്ടെന്നാണ് സൂചന.
ലോക്കല്‍ പൊലീസും ജില്ലാ ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നു പറയുന്നു. തട്ടിപ്പിലൂടെ കൈക്കലാക്കിയ പണം പോയതിനു അന്താരാഷ്ട്ര ബന്ധംവരെ കണ്ടെത്തിയിരുന്നു. എന്നാല്‍ അന്വേഷണം ബാങ്ക് സെക്രട്ടറിയും സി പി എം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ കര്‍മ്മന്തൊടി, ബാളക്കണ്ടത്തെ കെ രതീഷിലും കണ്ണൂരിലെ മഞ്ഞക്കണ്ടി അബ്ദുള്‍ ജബ്ബാര്‍, കോഴിക്കോട്ടെ നിബില്‍ എന്നിവരിലും തട്ടി നില്‍ക്കുകയായിരുന്നു. കോടികളുടെ തട്ടിപ്പുകള്‍ രതീഷ് മാത്രം വിചാരിച്ചാല്‍ നടത്താന്‍ കഴിയില്ലെന്നും പിന്നില്‍ വമ്പന്‍ സ്രാവുകള്‍ ഉണ്ടോയെന്നും അന്വേഷണ സംഘത്തിനു സംശയം ഉണ്ടായിരുന്നു. എന്നാല്‍ അത്തരത്തിലേയ്ക്ക് അന്വേഷണം പോയില്ലെന്നും മാത്രമല്ല, തട്ടിപ്പിലൂടെ കൈക്കലാക്കിയ പണം ജബ്ബാറിനും നബീലിനും നല്‍കിയ ഇടനിലക്കാരനെപ്പോലും അന്വേഷണ സംഘത്തിനു പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. കടുത്ത സമ്മര്‍ദ്ദമാണ് ഇതിനു പിന്നിലെന്ന ആരോപണവും വ്യപകമാണ്.
അതേസമയം അന്വേഷണ ഏജന്‍സികള്‍ മാറി മാറി വരുന്നത് കാറഡുക്ക സൊസാറ്റിയില്‍ സ്വര്‍ണ്ണം പണയം വച്ച് വായ്പ എടുത്തവരെ ആശങ്കയിലാക്കിയിട്ടുണ്ട്. സൊസൈറ്റിയില്‍ നിന്നു സെക്രട്ടറിയുടെ നേതൃത്വത്തില്‍ തട്ടിയെടുത്ത സ്വര്‍ണ്ണാഭരണങ്ങള്‍ വിവിധ ബാങ്കുകളില്‍ പണയപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയിരുന്നു. കേസ് തുടരുന്നതിനാല്‍ ഈ സ്വര്‍ണ്ണാഭരണങ്ങള്‍ ഉടമസ്ഥര്‍ക്ക് തിരികെ കൊടുക്കാന്‍ കഴിയില്ല. ബാങ്കുകളില്‍ സ്വര്‍ണ്ണം പണയപ്പെടുത്തിയതാണെന്നും അതുവഴി ബാങ്കുകള്‍ നല്‍കിയ പണം തിരികെ ലഭിക്കണമെന്നുമാണ് ബാങ്കുകളുടെ നിലപാട്. ഇത്തരമൊരു സാഹചര്യത്തില്‍ കാറഡുക്ക സൊസൈറ്റിയില്‍ സ്വര്‍ണ്ണവായ്പയെടുത്തവര്‍ക്ക് സമീപകാലത്തൊന്നും സ്വര്‍ണ്ണം തിരികെ ലഭിക്കില്ലെന്ന് ആശങ്കയുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page