കാസര്‍കോട്: ഡല്‍ഹിയില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന മംഗള എക്‌സ്പ്രസില്‍ നിന്ന് പുറത്തേക്ക് തെറിച്ചു വീണ യാത്രക്കാരനെ റെയില്‍വെ പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ ജീവന്‍ തിരികെ ലഭിച്ചു. ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് അപകടനില തരണം ചെയ്തു. ബീഹാര്‍ സ്വദേശിയായ സീതാറാം (45) ആണ് ആശുപത്രിയില്‍ കഴിയുന്നത്. 28ന് രാത്രി ഒരു മണിയോടെയാണ് അപകടം. ട്രെയിന്‍ കാസര്‍കോട് റെയില്‍വെ സ്‌റ്റേഷന്‍ വിട്ടതിന് തൊട്ടുപിന്നാലെയാണ് അപകടം. ട്രെയിനില്‍ നിന്ന് ഒരാള്‍ പുറത്തേക്ക് തെറിച്ചു വീണിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കാസര്‍കോട് റെയില്‍വെ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സി.കെ മഹേഷ്, കാസര്‍കോട് റെയില്‍വെ പ്രൊട്ടക്ഷന്‍ പോസ്റ്റിലെ കോണ്‍സ്റ്റബിള്‍മാരായ മുനീര്‍ഖാന്‍, രമേശ് കുമാര്‍ എന്നിവര്‍ കോരിച്ചൊരിയുന്ന മഴയും കൂരിരുട്ടും കൂസാതെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി. മൂന്നു കിലോ മീറ്റര്‍ ട്രാക്കിലൂടെ നടന്ന് റെയില്‍വെ ട്രാക്ക്മാന്‍ വിനോദ്, മേല്‍പ്പറമ്പ് പൊലീസ് എന്നിവരുടെ സഹായത്തോടെയാണ് പരിക്കേറ്റ സീതാറാമിനെ കണ്ടെത്തിയത്. സാരമായി പരിക്കേറ്റ് രക്തം വാര്‍ന്ന നിലയിലാണ് ഇയാളെ കണ്ടെത്തിയത്. സ്ഥലത്തേക്ക് ആംബുലന്‍സിന് വരാന്‍ സൗകര്യം ഉണ്ടായിരുന്നില്ല. ഇതിനിടയില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് കാസര്‍കോട് ഫയര്‍ഫോഴ്‌സിന്റെ ആംബുലന്‍സിനോട് കളനാട്ട് തയ്യാറായി നില്‍ക്കാനും നിര്‍ദ്ദേശം നല്‍കി. ഇതിന് ശേഷം റെയില്‍വെ ട്രാക്കിന് സമീപത്തെ ഒരു വീട്ടില്‍ നിന്ന് ബെഡ്ഷീറ്റ് വാങ്ങി പരിക്കേറ്റ സീതാറാമിനെ അതില്‍ കിടത്തി ചുമന്നാണ് പൊലീസുകാര്‍ ആംബുലന്‍സിനു സമീപത്തെത്തിച്ചത്. ഉടന്‍ തന്നെ സീതാറാമിനെ ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയിലും അവിടെ നിന്ന് പരിയാരത്തും എത്തിക്കുകയായിരുന്നു. സീതാറാമയുടെ കൂടെ യാത്ര ചെയ്തിരുന്ന കോമള്‍ എന്നയാള്‍ക്ക് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്താനുള്ള സൗകര്യവും പൊലീസ് ചെയ്തു കൊടുത്തു.