അയോധ്യയിലെ രാമക്ഷേത്രത്തില്‍ ചോര്‍ച്ച; വാര്‍ത്ത തള്ളി ക്ഷേത്ര നിര്‍മ്മാണ സമിതി ചെയര്‍മാന്‍

അയോധ്യയിലെ രാമക്ഷേത്രത്തില്‍ ചോര്‍ച്ചയുണ്ടെന്ന വാര്‍ത്ത ക്ഷേത്ര നിര്‍മ്മാണ സമിതി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര തള്ളി. ക്ഷേത്രത്തിന്റെ രൂപകല്‍പ്പനയിലോ നിര്‍മ്മാണത്തിലോ പിഴവുകളുണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഒന്നാം നിലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ മഴ വെള്ളം അകത്തേക്ക് വീഴാന്‍ സാധ്യതയുണ്ടെന്നും ജോലികള്‍ പൂര്‍ത്തിയാകുന്നതോടെ അതിന് പരിഹാരമാകുമെന്നും മിശ്ര പറഞ്ഞു. ചോര്‍ച്ച പ്രതീക്ഷിച്ചതാണെന്നും ഗുരു മണ്ഡപം തുറസ്സായ സ്ഥലത്താണ് എന്നതാണ് കാരണമെന്നും നൃപേന്ദ്ര മിശ്ര പറഞ്ഞു. അയോധ്യയില്‍ എത്തിയ ശേഷമാണ് അദ്ദേഹം പ്രതികരിച്ചത്.
ക്ഷേത്ര നിര്‍മ്മാണത്തിന് ശേഷം ഉണ്ടായ ആദ്യ മഴയില്‍ തന്നെ ക്ഷേത്രത്തിന്റെ ശ്രീകോവിലിലും മറ്റ് സ്ഥലങ്ങളിലും ചോര്‍ച്ച ഉണ്ടായെന്ന മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പ്രതികരണവുമായി മിശ്ര രംഗത്ത് എത്തിയത്.
ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സത്യേന്ദ്ര ദാസ് ക്ഷേത്ര നിര്‍മ്മാണത്തില്‍ പിഴവുകളുണ്ടെന്ന ആരോപണം ഉന്നയിച്ചത്. ക്ഷേത്രത്തില്‍ നിന്ന് മഴവെള്ളം ഒഴുകിപ്പോകാന്‍ ഒരു മാര്‍ഗ്ഗവുമില്ലെന്നും മഴ ശക്തമായാല്‍ അത് ക്ഷേത്ര ദര്‍ശനത്തെ ബാധിക്കുമെന്നും സത്യേന്ദ്ര ദാസ് പറഞ്ഞിരുന്നു. കൂടാതെ ഇവിടെ ഇത്രയും എഞ്ചിനീയര്‍മാര്‍ ഉണ്ടായിരുന്നിട്ടും പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷവും ക്ഷേത്ര മേല്‍ക്കൂരയില്‍ നിന്ന് അകത്തേക്ക് മഴ വെള്ളം ഒഴുകുന്നത് ആശ്ചര്യകരമാണെന്നും സത്യേന്ദ്ര ദാസ് ആരോപിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page