കാസർകോട്: ദേശീയപാത നിർമ്മാണം നടക്കുന്ന സ്ഥലത്ത് നിന്നും കരാർ കമ്പനിക്കാരുടെ സാധനങ്ങൾ കവർന്ന രണ്ട് കർണാടക സ്വദേശികൾ 24 മണിക്കൂറിനകം പിടിയിലായി. ഉള്ളാൾ സ്വദേശി അമീർ ബാഷ, ബംഗളൂരു ദസ്റഹള്ളി സ്വദേശി പുനീത് കുമാർ എന്നിവരാണ് മഞ്ചേശ്വരം പൊലീസിന്റെ പിടിയിലായത്. ദേശീയപാതയുടെ നിർമ്മാണം നടക്കുന്ന ഉപ്പളയിലെ സ്ഥലത്തുനിന്നും കോൺക്രീറ്റ് ചെയ്യാനുള്ള 5 ക്രഞ്ച് ബാരിയർ മോൾഡുകളാണ് സംഘം കടത്തിക്കൊണ്ടു പോയത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം. കരാർ കമ്പനിക്കാരുടെ പരാതിയെ തുടർന്ന് മഞ്ചേശ്വരം പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ 24 മണിക്കൂറിനകം പിടികൂടാൻ കഴിഞ്ഞു. മഞ്ചേശ്വരം ഗ്രേഡ് എസ് ഐ ഇസ്മായിൽ, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ നിതിൻ, വിനേഷ്, രജിത്ത്, ഡ്രൈവർ പ്രശോഭ് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.