തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ വീണ്ടും കടന്നാക്രമിച്ച് മാത്യു കുഴൽനാടൻ എം.എൽ.എ. വീണയുടെ അക്കൗണ്ടിന്‍റെ വിശദാംശങ്ങൾ പുറത്ത് വന്നാൽ കേരളം ഞെട്ടുമെന്ന് മാത്യു കുഴൽനാടൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വെല്ലുവിളിച്ചിട്ടും സിപിഎം നേതൃത്വം എന്തുകൊണ്ടാണ് വീണാ വിജയന്‍റെ അക്കൗണ്ട് വിവരങ്ങൾ പുറത്ത് വിടാത്തതെന്ന് കുഴൽ നാടൻ ചോദിച്ചു. വിദ്യാഭ്യാസ സോഫ്റ്റ്വെയർ ഡെലപ്മെന്‍റാണ് വീണയുടെ കമ്പനിയായ എക്സാ ലോജിക്കിന്‍റെ പ്രധാന സേവന മേഖല എന്നാണ് കമ്പനി അവകാശപ്പെടുന്നത്. അങ്ങിനെ എങ്കിൽ കരിമണൽ കമ്പനിക്ക് എന്തിനാണ് സ്കൂളുകൾക്ക് ആവശ്യമായ സോറ്റ്വെയർ?. വീണ ഏതൊക്കെ കമ്പനിയിൽ നിന്ന് പണം വാങ്ങിയെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം. എന്തൊക്കെ സേവനങ്ങൾക്കാണ് പണം വാങ്ങിയതെന്നും പറയണം. എന്തുകൊണ്ടാണ് വീണയും കമ്പനിയും ജിഎസ്ടി അക്കൗണ്ടുകൾ ക്ലോസ് ചെയ്തതെന്നും കുഴൽ നാടൻ ചോദിച്ചു.ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത് ഒരു കമ്പനിയിൽ നിന്നുള്ള കണക്ക് മാത്രമാണെന്നും 1.72 കോടിയേക്കാൾ വലിയ തുക വീണ കൈപ്പറ്റിയിട്ടുണ്ടെന്നും മാത്യു കുഴൽനാടൻ ആരോപിക്കുന്നു. കടലാസ് കമ്പനികളുണ്ടാക്കി കള്ളപ്പണം വെളുപ്പിക്കൽ ആണ് നടന്നിട്ടുള്ളത്. താനുയർത്തുന്ന ചോദ്യങ്ങൾക്ക് സിപിഎം നേതൃത്വം മറുപടി നൽകുന്നില്ലെന്നും കുഴൽനാടൻ പറഞ്ഞു. ഓഡിറ്റ് റിപ്പോർട്ട് പ്രകാരം 73 ലക്ഷം നഷ്ടത്തിൽ കമ്പനി പ്രവർത്തനം അവസാനിപ്പിച്ചു. എന്നിട്ടും എങ്ങിനെയാണ് പണം ബാക്കിയുണ്ടാകുകയെന്നും മാത്യു കുഴൽനാടൻ ചോദിച്ചു. വീണാ വിജയൻ മാസപ്പടി കൈപ്പറ്റിയെന്ന വിവരം പുറത്ത് വന്നശേഷം ഈ വിഷയം തുടക്കം മുതൽ ഉയർത്തി രംഗത്തെത്തിയത് മാത്യു കുഴൽനാടൻ മാത്രമായിരുന്നു. എന്നാൽ കുഴൽനാടനെ പ്രതിരോധിക്കാൻ അനധികൃത റിസോർട്ട് നിർമ്മാണം അടക്കമുള്ള ആരോപണങ്ങളുയർത്തുകയാണ് സിപിഎം കേന്ദ്രങ്ങൾ. റവന്യൂ സംഘം മാത്യു കുഴൽനാടന്‍റെ സ്ഥലം പരിശോധിക്കുകയും ചെയ്തിരുന്നു.