ലോക്‌സഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യം; ഓം ബിര്‍ലയും കൊടിക്കുന്നില്‍ സുരേഷും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ലോക്‌സഭാ സ്പീക്കര്‍ പദവിയിലേക്ക് മത്സരത്തിന് കളമൊരുങ്ങി. എന്‍ഡിഎ സ്ഥാനാര്‍ഥിയായി ഓം ബിര്‍ളയും ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി കൊടിക്കുന്നില്‍ സുരേഷ് എംപിയും പത്രിക സമര്‍പ്പിച്ചു. മൂന്ന് സെറ്റ് നാമനിര്‍ദ്ദേശപത്രികള്‍ കൊടിക്കുന്നില്‍ സമര്‍പ്പിച്ചു. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ പദവികള്‍ സംബന്ധിച്ച് ഭരണ-പ്രതിപക്ഷ നേതാക്കള്‍ നടത്തിയ ചര്‍ച്ചകള്‍ സമവായത്തിലെത്താത്തതിനെ തുടര്‍ന്നാണ് മത്സരത്തിലേക്ക് നീങ്ങിയത്.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് ആദ്യമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം, ലോക്‌സഭാ സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് ഓം ബിര്‍ളയുടെ പേരാണ് വീണ്ടും എന്‍ഡിഎ നിര്‍ദ്ദേശിച്ചത്. നേരത്തെ മത്സരം ഒഴിവാക്കണമെന്നും ഓം ബിര്‍ളയെ പിന്തുണയ്ക്കണമെന്നും ആവശ്യപ്പെട്ട് രാജ്നാഥ് സിംഗ് ഇന്‍ഡ്യ സഖ്യനേതാക്കളെ കണ്ടിരുന്നു. എന്നാല്‍ ഇത്തവണ പ്രതിപക്ഷത്തിന്റെയും കോണ്‍ഗ്രസിന്റെയും അംഗബലം ഉയര്‍ന്നതോടെ ഡെപ്യൂട്ടി സ്പീക്കര്‍ പദവി ലഭിച്ചേതീരൂ എന്ന നിലപാടിലായിരുന്നു ഇന്ത്യ സഖ്യം. നാളെയാണ് ലോക്‌സഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കുക. ചൊവ്വാഴ്ച 12 മണി വരെയാണ് ലോക്‌സഭ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശപത്രിക നല്‍കാനുളള സമയം. സ്പീക്കര്‍ തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കും. രാഹുല്‍ ഗാന്ധി തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്തും എന്നാണ് പ്രതീക്ഷ. അക്ഷരമാല ക്രമത്തില്‍ മഹാരാഷ്ട്ര മുതല്‍ പശ്ചിമ ബംഗാള്‍ വരെയുള്ള സംസ്ഥാനങ്ങളിലെ എംപിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ്, യൂസഫ് പത്താന്‍ അടക്കമുള്ളവരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page