കാസർകോട്: ചാരിറ്റിയുടെ ഭാഗമായി ഭക്ഷണം വിതരണം ചെയ്യുന്ന ഏജൻസികൾക്കും സർപ്ലസ് ഭക്ഷണം വിതരണം ചെയ്യുന്നവർക്കുമുള്ള കേന്ദ്ര സർക്കാരിന്റെ ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ഇന്ത്യൻ ഫുഡ് ഷെയറിംഗ് അലയൻസിന്റെ (IFSA)അംഗത്വം സാമൂഹ്യ പ്രവർത്തകൻ മാഹിൻ കുന്നിലിനു ലഭിച്ചു. കാസർകോട് ജില്ലയിൽ ഈ അംഗീകാരം ലഭിച്ച ഏക വ്യക്തിയാണ് മാഹിൻ കുന്നിൽ. ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ സേവ് ഫുഡ് ഷെയർ ഫുഡ് പദ്ധതിയുടെ ഭാഗമായുള്ള അംഗീകൃത ഏജൻസികൾക്കാണ് ഇന്ത്യൻ ഷെയർ ഫുഡ് അലയൻസിൽ അംഗത്വം ലഭിക്കുന്നത്. ഭക്ഷണം പാഴാക്കുന്നത് കുറക്കുക, ചാരിറ്റിയുടെ ഭാഗമായി ഭക്ഷണം വിതരണം ചെയ്യുന്നവർക്കുള്ള ഫ്ലാറ്റ്ഫോം , ബെസ്റ്റ് പ്രാക്ടീസ്, റെഗുലേറ്ററി ആന്റ് പോളിസി എന്നിവയാണ് ഇന്ത്യൻ ഫുഡ് ഷെയറിംഗ് അലയൻസിന്റെ ലക്ഷ്യങ്ങൾ . സാമൂഹിക ജീവകാരുണ്യ രംഗത്ത് സജീവമായ മാഹിൻ കുന്നിൽ കാസർകോട് ജനറൽ ആശുപത്രി കേന്ദ്രീകരിച്ച് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വേണ്ടി ഭക്ഷണം വിതരണം ചെയ്ത് മാതൃകയായിട്ടുള്ള വ്യക്തിയാണ്. നിരവധി സാമൂഹ്യ സാംസ്കാരിക സംഘടനകളിൽ സജീവമാണ്.