പിഎന്‍ പണിക്കരെ കുറിച്ച് ഓര്‍ക്കുമ്പോള്‍


കൂക്കാനം റഹ്‌മാന്‍

2024 ജൂണ്‍19ന് കേരള സാംസ്‌ക്കാരിക നായകരില്‍ പ്രമുഖനായ പി.എന്‍. പണിക്കര്‍ മരിച്ചിട്ട് 30 വര്‍ഷം പിന്നിട്ടിരിക്കയാണ്. കേരളത്തിന് അക്ഷരാര്‍ത്ഥത്തില്‍ നികത്താനാവാത്ത നഷ്ടം ‘വായിച്ചു വളരുക’യില്‍ തുടങ്ങി ‘നാം ഒന്നി’ല്‍ ചെന്നെത്തിയ ആ വിശാലവീക്ഷണം, ദര്‍ശനം ആത്മാര്‍ത്ഥത നിറഞ്ഞ ആ മൊഴികള്‍, ഏവരേയും ഒന്നിപ്പിച്ച് മുന്നേറാനുള്ള കഴിവ്, സ്ഥിരോല്‍സാഹം, ഒന്നു തീരുമാനിച്ചാല്‍ അത് നടത്തിയെടുക്കാനുള്ള സാമര്‍ഥ്യം തുടങ്ങിയ എത്രയോ കാര്യങ്ങള്‍ അദ്ദേഹത്തെക്കുറിച്ച് സ്മരിക്കുമ്പോള്‍ എടുത്തു പറയേണ്ടതുണ്ട്.
ലോകത്തിനു തന്നെ മാതൃകയാകത്തക്കവിധം കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഗ്രന്ഥാലയങ്ങള്‍ ഉപയോഗപ്പെടുത്തുന്നവര്‍ക്ക് പി.എന്‍. പണിക്കരെ ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല. കേരളത്തിലെ സമ്പൂര്‍ണ്ണ സാക്ഷരതയ്ക്ക് എഴോം ഗ്രാമത്തിലൂടെ തുടക്കം കുറിച്ചതും, തുടര്‍ വായനക്കായി ഗ്രന്ഥശാലാ സംഘത്തിലൂടെ നവസാക്ഷരസാഹിത്യ ശാഖയ്ക്ക് തുടക്കം കുറിച്ചതും പി.എന്‍. പണിക്കരാണ്. ഗ്രന്ഥശാലാപ്രസ്ഥാനത്തിലൂടെ വളര്‍ന്നവര്‍ക്കും നിരക്ഷരതയില്‍ നിന്ന് മോചനം നേടിയവര്‍ക്കും എന്തിന് പുകവലി, മദ്യപാനം മയക്കുമരുന്ന്, സ്ത്രീധനം, ആഭരണഭ്രമം മുതലായവയില്‍ നിന്ന് മോചനം നേടിയവര്‍ക്കും പി.എന്‍. പണിക്കര്‍ എന്നും സ്മരണീയനായിരിക്കും. സ്ത്രീ നീതി പ്രസ്ഥാനവും സൗഹൃദ ഗ്രാമ രൂപീകരണവും പൂര്‍ത്തിയാകാത്തതില്‍ അദ്ദേഹത്തിന് കുണ്ഠിതമുണ്ടായിരുന്നു. ‘നാം ഒന്ന്’ ആശയവും വേണ്ടത്ര പ്രായോഗിക തലത്തില്‍ ശക്തി കിട്ടാത്തതിലും അദ്ദേഹം ദു:ഖിച്ചു.
ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും പ്രാദേശികതയുടെയും വിചാരഗതിയില്‍ വീര്‍പ്പുമുട്ടുന്ന ജനത്തിനു മുന്നില്‍ ഈ മന്ത്രധ്വനി ഒരു ചോദ്യചിഹ്നമായി നില്‍ക്കുകയാണ്. ‘നാം ഒന്ന് എന്ന ചിന്ത നോക്കിലും വാക്കിലും ചിന്തയിലും ഇന്ന് പ്രതിഫലിക്കുന്നില്ല. ഏതു രംഗത്തും വിനാശകരമായ മത്സരം നടക്കുകയാണ്. പരദൂഷണം, പാര വെപ്പ്, പരസ്യമായ ആക്രമണം ഇതൊക്കെയാണ് സാമൂഹ്യ സാംസ്‌കാരിക -രാഷ്ട്രിയ രംഗത്ത് നാം കണ്ടു വരുന്നത്. ഇതിനൊരു മാറ്റം വരുത്താന്‍ പി.എന്‍. പണിക്കര്‍ നിര്‍ദ്ദേശിച്ച ആശയമാണ് ‘നാം ഒന്ന്’. ആ സന്ദേശം മനസ്സിലും, സംസാരത്തിലും പ്രവൃത്തിയിലും പ്രതിഫലിപ്പിക്കുന്നതിന് നാമെല്ലാം ശ്രമിച്ചാല്‍ അതായിരിക്കും അദ്ദേഹത്തിന് നല്‍കാന്‍ പറ്റുന്ന ഏറ്റവും വലിയ സ്മാരകം.
വര്‍ഷങ്ങള്‍ക്കപ്പുറം അമ്പലപ്പുഴയില്‍ ആരംഭിച്ച പി.കെ. മെമ്മോറിയല്‍ ഗ്രന്ഥശാലക്കു വേണ്ടി പുസ്തകം ശേഖരിക്കാന്‍ കൂടെ പോയ തിക്കുറിശ്ശി സുകുമാരന്‍ നായര്‍ ഇങ്ങിനെ സ്മരിക്കുന്നു. ‘നട്ടുച്ചനേരത്ത് ഊടുവഴിയിലൂടെയും രാജപാതയിലൂടെയും വിയര്‍ത്തൊലിച്ച് നടന്ന് പരവശനാകുന്നത് കണ്ടാല്‍ പോലും കൂടെ ചെല്ലുന്ന വ്യക്തിക്ക് ഒരു നാരങ്ങാവെള്ളം പോലും അദ്ദേഹം വാങ്ങിച്ചു കൊടുക്കാറില്ല. വെള്ളം വാങ്ങിത്തരാത്തത് മനസ്സിന്റെ കടുപ്പമോ പിശുക്കു കൊണ്ടോ അല്ല മറിച്ച് പൊതു കാര്യത്തിനിറങ്ങുമ്പോള്‍ അങ്ങിനെ പണം വ്യയം ചെയ്ത് പൊതുമുതല്‍ നഷ്ടപ്പെടുത്തി കൂടാ എന്ന ആദര്‍ശമാണ് അദ്ദേഹത്തിനുള്ളത്. പൊതുമുതല്‍ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കണം’ എന്നാണദ്ദേഹത്തിന്റെ തത്വം.
1977 ല്‍ പ്രഖ്യാപിത ലക്ഷ്യത്തോടെ ആരംഭിച്ച ‘കാന്‍ ഫെഡി’ന് ഊടും പാവും ഉറപ്പിച്ച് തനിമ നല്‍കിയത് പി.എന്‍. പണിക്കരെന്ന മഹാനായ വ്യക്തിയുടെ അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനം മൂലമാണ്. പി.എന്‍. പണിക്കരുടെ കര്‍മ്മശേഷി ഇല്ലായിരുന്നെങ്കില്‍ ‘കാന്‍ഫെഡ്’ ഇന്ന് ജനലക്ഷങ്ങളുടെ മന്ത്രമായ ഒരു പ്രസ്ഥാനമാകുമായിരുന്നില്ല. ഏറിയ സമയവും സ്വന്തം കുടുംബ ബന്ധങ്ങളില്‍ നിന്ന് വിട്ടു നിന്ന് ‘കേരള മേ തറവാട്’ എന്ന നിലയില്‍ സേവനം നടത്തിയ പണിക്കരു മഹത്വം എനിക്കറിയാം. എത്രയോ പേര്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു. വലിയവരും ചെറിയവരും നാടുമുഴുവന്‍ പരിചയക്കാരും നിറഞ്ഞ ഇത് പോലൊരു വ്യക്തി നമ്മുടെ രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലങ്ങളില്‍ ജീവിച്ചിരുന്നില്ല എന്നു പറയാം.
വിനയവും മധുര വാക്കുകളും കപടതയുടെ മുഖം മൂടികളാണെന്ന് തിരിച്ചറിയാതെ പോയതാണ് പി.എന്‍. പണിക്കരുടെ ബലഹീനത. അദ്ദേഹം ആരോടൊക്കെ കരുണ കാട്ടിയിട്ടുണ്ടോ അവരൊക്കെ അദ്ദേഹത്തിനെതിരെ ഉപജാപകസംഘമുണ്ടാക്കി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഈ മണ്ണില്‍ നിരക്ഷരതയ്ക്കെതിരെ അങ്കം കുറിച്ചവര്‍ ആരായാലും അവര്‍ കാന്‍ഫെഡിന്റെ മക്കളാണ്. വെളിച്ചത്തെ വെറുക്കുകയും ഇരുളിനെ വാരിപ്പുണരുകയും ചെയ്യുന്ന ഇന്നത്തെ സമൂഹത്തില്‍ കെടാവിളക്കായി ശോഭിക്കുന്ന പി.എന്‍. പണിക്കരുടെ ആശയങ്ങളെ അനുധാവനം ചെയ്തു കൊണ്ട് സമൂഹത്തില്‍ ശക്തമായ ഒരു മാറ്റം ഉണ്ടാക്കാന്‍ നമുക്കേവര്‍ക്കും ശ്രമിക്കാം. ഇനിയങ്ങോട്ട്അദ്ദേഹത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും പൂര്‍ത്തിയാക്കാതെ പോയവ മുഴുമിപ്പിക്കാനുമാണ് പണിക്കര്‍ സാറിനോട് സ്നേഹമോ ബഹുമാനമോ സൗഹൃദമോ ഉള്ള ഓരോരുത്തരും ശ്രമിക്കേണ്ടത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page