കേൾവിശക്തി നഷ്ടമായെന്ന് ഗായിക അൽക്ക യാഗ്നിക്, പകച്ച് ആരാധകർ! ‘എക് ദോ തീൻ..’ പാട്ടിലൂടെ ശ്രദ്ധേയയായ ഗായിക

കേൾവിശക്തിക്കു തകരാർ സംഭവിച്ചെന്നു വെളിപ്പെടുത്തി ബോളിവുഡ് ഗായിക അൽക്ക യാഗ്നിക്. വൈറൽ ബാധയെത്തുടർന്നാണ് തന്റെ കേൾവിക്കു തകരാർ സംഭവിച്ചെന്നും ഇപ്പോൾ ചികിത്സയിലാണെന്നും ഗായിക ആരാധകരെ അറിയിച്ചു. അപൂർവമായി സംഭവിക്കുന്ന സെൻസറിനറൽ ശ്രവണ നഷ്ടം എന്ന അവസ്ഥയാണ് ബാധിച്ചതെന്നാണ് ഡോക്ടർമാർ പറയുന്നത്. അപ്രതീക്ഷിതമായുണ്ടായ രോഗാവസ്ഥയിൽ താൻ മാനസികമായി ഏറെ തളർന്നു പോയെന്നും മടങ്ങിവരവിനു വേണ്ടി എല്ലാവരും പ്രാർഥിക്കണമെന്നും അൽക്ക പറഞ്ഞു. രണ്ടാഴ്ച മുമ്പ് വിമാനത്തിൽ നിന്ന് ഇറങ്ങുമ്പോൾ കേൾവി ശക്തി കുറഞ്ഞതായി തോന്നിയെന്ന് അൽക്ക പറയുന്നു. ഇതോടെ ഗായിക പൊതുരംഗത്ത് നിന്ന് വിട്ടുനിന്നിരുന്നു. അപൂർവമായി സംഭവിക്കുന്ന കേൾവിനഷ്ടമാണ് എനിക്കുണ്ടായതെന്നും പെട്ടെന്നുണ്ടായ ഈ അപ്രതീക്ഷിത രോഗാവസ്ഥ എന്നെ പൂർണമായും ഉലച്ചുവെന്നും ഗായിക പറയുന്നു. ഇപ്പോൾ ഞാൻ അതിനോടു പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ്. ദയവായി നിങ്ങളുടെ പ്രാർഥനയിൽ എന്നെ ഓർമിക്കണം. നിങ്ങളുടെ സ്നേഹത്തിലൂടെയും പിന്തുണയിലൂടെയും പഴയജീവിതത്തിലേക്കു മടങ്ങിവരാനാകുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. ഈ നിർണായകമായ നിമിഷത്തിൽ നിങ്ങളുടെ സ്നേഹം എനിക്കു ശക്തി നൽകട്ടെ’, അൽക്ക യാഗ്നിക് കുറിച്ചു
അൽക്കയുടെ വാക്കുകൾ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ഗായിക എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് സ്നേഹിതർ ആശംസിക്കുന്നു. വ്യത്യസ്തവും മനോഹരവുമായ ശബ്ദവും പാട്ടിന്റെ ആത്മാവറിഞ്ഞുള്ള ആലാപനവും ഗായികയ്ക്കു നിരവധി ആരാധകർ ഉണ്ടായിരുന്നു. 90കളിലെ അൽക്ക യാഗ്നിക് പ്രണയ ഗാനങ്ങൾ ഇന്നും സംഗീതാസ്വാദകർക്കു പ്രിയപ്പെട്ടവയാണ്. ഏക് ദോ തീൻ ഗാനത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു.
2022ൽ ലോകത്ത് ഏറ്റവുമധികം ആളുകൾ കേട്ടതും യൂട്യൂബിൽ സ്ട്രീം ചെയ്തതും ഗായിക അൽക്ക യാഗ്നിക്കിന്റെ പാട്ടുകളായിരുന്നു. കോടിക്കണക്കിന് ആരാധകരുള്ള ടെയ്‌ലര്‍ സ്വഫ്റ്റ്, ഷക്കീറ തുടങ്ങിയ പോപ് ഗായകരെയും ബിടിഎസ്, ബ്ലാക് പിങ്ക് തുടങ്ങിയ വിഖ്യാത സംഗീത ബാൻഡുകളെയും പിന്‍തള്ളിയാണ് അൽക്ക യാഗ്നിക് ഒന്നാമതെത്തിയത്. 2020 ലും 21 ലും ഈ നേട്ടം അൽക്കയുടെ പേരിൽ തന്നെയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page