കുവൈറ്റിലെ തീപിടിത്തത്തിൽ 25 മലയാളികൾ മരിച്ചെന്ന് സൂചന; മരിച്ച 10 മലയാളികളെ തിരിച്ചറിഞ്ഞു; നിരവധി മലയാളികൾ ആശുപത്രിയിൽ; മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപ പ്രധാനമന്ത്രിയുടെ ധന സഹായം

കുവൈറ്റ് സിറ്റി: മംഗഫിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ 25 ഓളം മലയാളികൾ മരിച്ചതായി സൂചന. മരിച്ച 10 മലയാളികളെ തിരിച്ചറിഞ്ഞു. 11 മലയാളികളുൾപ്പെടെ 49 പേർ മരിച്ചതായാണ് വിവരം. 41 മരണം സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 26 പേരെയാണ് തിരിച്ചറിഞ്ഞത്. മരിച്ച 49 പേരിൽ പേരുകൾ പരിശോധിച്ചതിൽ നിന്ന് 20ൽ അധികം മലയാളികളുണ്ടായേക്കാം എന്നാണ് സംശയിക്കുന്നത്. ഗുരുതരമായി പരിക്കേറ്റവരിൽ മുപ്പതോളം പേർ മലയാളികളാണ്.
മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക അനുവദിക്കുക. കെട്ടിടത്തിൽ 72 റൂമുകളാണ് ഉണ്ടായിരുന്നത്. ആകെ 195 പേരാണ് ഇവിടെ താമസിച്ചിരുന്നത്. ഇവരിൽ 90 പേർ സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. 20 പേർ രാത്രിയിൽ സ്ഥലത്തുണ്ടായിരുന്നില്ല.
കൊല്ലം ശൂരനാട് വടക്ക് വയ്യാങ്കര തുണ്ടുവിള വീട്ടിൽ ഷമീർ ഉമറുദ്ദീൻ (30), കാസർകോട് ചെങ്കള കുണ്ടടുക്ക ഹൗസിലെ കെ രഞ്ജിത്ത് (34), കാസർകോട് പിലിക്കോട് എരവിൽ സ്വദേശി കേളു പൊന്മലേരി (58), കോട്ടയം പാമ്പാടി വിശ്വഭാരതി കോളേജിനു സമീപം ഇടിമണ്ണിൽ സ്റ്റെഫിൻ ഏബ്രഹാം സാബു (29), പത്തനംതിട്ട പന്തളം മുടിയൂർക്കോണം ശോഭനാലയത്തിൽ ആകാശ് ശശിധരൻ നായർ (31), കൊല്ലം പുനലൂർ നരിക്കൽ വാഴവിള അടിവള്ളൂർ സാജൻ ജോർജ്‌ (29), പത്തനംതിട്ട കോന്നി അട്ടച്ചാക്കൽ ചെന്നശ്ശേരിൽ സജു വർഗീസ് (56), വള്ളിക്കോട് വാഴമുട്ടം പുളിനിൽക്കുന്നതിൽ വടക്കേതിൽ പിവി മുരളീധരൻ (68) കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ് (സാബു 48),തിരുവല്ല മേപ്രാൽ ചിറയിൽ കുടുംബാംഗം തോമസ് ഉമ്മൻ(37) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
തീപിടിത്തത്തിൽ പരിക്കേറ്റ ഇന്ത്യക്കാർക്കുള്ള സഹായം ഉറപ്പുവരുത്തുന്നതിനും മൃതദേഹങ്ങൾ വേഗത്തിൽ നാട്ടിലെത്തിക്കുന്നത് ഉറപ്പ് വരുത്തുന്നതിനുമായി വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് കുവൈറ്റിലേക്ക് തിരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശപ്രകാരമാണ് യാത്ര.
കുവൈറ്റ് തീപിടുത്തത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചിരുന്നു. കുവൈറ്റ് സർക്കാരുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ ഇന്ത്യൻ എംബസിക്ക് നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. എൻബിടിസി ക്യാംപിൽ ബുധനാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു തീപിടിത്തമുണ്ടായത്. പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം. തീ പിടിത്തത്തെ തുടർന്നുണ്ടായ വിഷവാതകം ശ്വസിച്ചാണ് കൂടുതൽ പേരും മരിച്ചത്. അപകടം നടന്നത് രാവിലെ ആയതും മരണ സംഖ്യ ഉയരാൻ കാരണമായി. എൻബിടിസി കമ്പനിയിലെ തൊഴിലാളികളായ 195 പേർ ഇവിടെ താമസിച്ചിരുന്നു. താഴത്തെ നിലയിൽ സുരക്ഷാജീവനക്കാരന്റെ മുറിയിൽനിന്നാണ് തീ പടർന്നതെന്നാണു പ്രാഥമിക നിഗമനം. താഴത്തെ നിലയിൽ തീ പടർന്നതോടെ മുകളിലുള്ള ഫ്ലാറ്റുകളിൽനിന്നു ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണു മിക്കവർക്കും പരുക്കേറ്റത്. കെട്ടിടത്തിൽനിന്നു ചാടിയവരിൽ ചിലരുടെ പരിക്ക് ഗുരുതരമാണ്.

.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page