കാസര്‍കോട്: കേരളത്തില്‍ സുരേഷ് ഗോപിയിലൂടെ അക്കൗണ്ട് തുറക്കാന്‍ സാധിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കാഞ്ഞങ്ങാട്ടും മാവുങ്കാലിലും ബിജെപി പ്രവര്‍ത്തകര്‍ റോഡില്‍ ശയന പ്രദക്ഷിണം നടത്തി. മാവുങ്കാലിലെ ഓട്ടോഡ്രൈവറും നെല്ലിത്തറ പുലയനടുക്കം സ്വദേശിയുമായ കെ എം മധു രാംനഗര്‍ ഹൈസ്‌കൂളിന് മുന്നില്‍ നിന്നു തുടങ്ങിയ ശയന പ്രദക്ഷണം മാവുങ്കാല്‍ ടൗണില്‍ അവസാനിച്ചു. പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളിച്ചും മധുര പലഹാരം വിതരണം ചെയ്തും നൂറുകണക്കിന് പ്രവര്‍ത്തകര്‍ മധുവിന് പിന്തുണയുമായി എത്തി. ഹോസ്ദുര്‍ഗിലെ ബിഎംഎസ് ചുമട്ടുതൊഴിലാളിയും വാഴക്കോട്ട് സ്വദേശിയുമായ കെ.അജിത്ത് ബിജെപി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ഓഫീസായ കെജി മാരാര്‍ മന്ദിരത്തില്‍ നിന്നും മാരിയമ്മന്‍ ക്ഷേത്ര പരിസരം വരെ ശയന പ്രദക്ഷണം നടത്തി. തൃശ്ശൂരില്‍ സുരേഷ് ഗോപി വിജയിക്കുകയാണെങ്കില്‍ ഫലപ്രഖ്യാപനം വരുന്ന ദിവസം ശയന പ്രദക്ഷണം നടത്തുമെന്ന് ഇരുവരും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഹോസ്ദുര്‍ഗില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് എം പ്രശാന്ത് സൗത്ത്, ബി എം എസ് ഹോസ്ദുര്‍ഗ് മേഖലാ പ്രസിഡന്റ് ഭാസ്‌കരന്‍ ഏച്ചിക്കാനം, രാധാകൃഷ്ണന്‍ വാഴക്കോടന്‍ എന്നിവരും മാവുങ്കാലില്‍ ബിജെപി ജില്ലാ കമ്മിറ്റിയംഗം രവീന്ദ്രന്‍ മാവുങ്കാല്‍, ബിഎംഎസ് ജില്ലാ സെക്രട്ടറി കെ വി ബാബു, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വൈശാഖ് മാവുങ്കാല്‍ തുടങ്ങിയവരും നേതൃത്വം നല്‍കി.
