മഴക്കാലം കൂണ്‍കാലം; എല്ലാത്തരം കൂണുകളും ഭക്ഷ്യയോഗ്യമാണോ?

മഴക്കാലം കൂണുകളുടെ കാലം കൂടിയാണ്. പലതരത്തിലും നിറത്തിലും വ്യത്യസ്തമായ കൂണുകളുണ്ട് നമ്മുടെ ചുറ്റുപാടുകളില്‍. കാണാന്‍ ചന്തവും രൂപത്തില്‍ കൗതുകവുമുള്ളവയുമുണ്ട്. പക്ഷെ കണ്‍മുന്നില്‍ കാണുന്ന കൂണുകളെല്ലാം ഭക്ഷ്യയോഗ്യമാണോ?
മാംസത്തിന് പകരക്കാരനാണ് കൂണുകള്‍. വൈവിധ്യമാര്‍ന്ന പച്ചക്കറികളാണ് കൂണുകള്‍. നിരവധി കൂണുകളുണ്ടെങ്കിലും ചിലവയെ മാത്രമേ ഭക്ഷ്യയോഗ്യമായി അംഗീകരിച്ചിട്ടുള്ളു. ലോക രാജ്യങ്ങളിലെല്ലാം തന്നെ കൂണുകളെ ഭക്ഷണാവശ്യത്തിന് ഉപയോഗിക്കുന്നുണ്ട്. പ്രകൃത്യാ ഉള്ള കൂണുകളെ കൂടാതെ ഇപ്പോള്‍ കൂണ്‍ കൃഷിയും വ്യാപകമാണ്.
ചൈനീസ്, കൊറിയന്‍, യൂറോപ്യന്‍, ജാപ്പനീസ് തുടങ്ങി ലോകമെങ്ങുമുള്ള കൂണ്‍പ്രിയര്‍ കഴിക്കുന്ന കൂണാണ് ബട്ടര്‍ മഷ്റൂം. കേരളത്തില്‍ പാല്‍കൂണ്‍, അരിക്കൂണ്‍, നിലംമ്പൊളപ്പന്‍ എന്നിവയാണ് ഭക്ഷ്യയോഗ്യമായ പ്രകൃതിദത്ത കൂണുകള്‍.
എന്താണ് കൂണുകള്‍? കൂണ്‍ ഒരു ചെടിയല്ല. ഭക്ഷ്യയോഗ്യമായ ഒരു തരം ഫംഗസാണ്. പക്ഷെ സ്ഥാനം സസ്യം എന്ന നിലക്കാണ്. അതിന് അതിന്റേതായ നിരവധി ഗുണങ്ങളുള്ളതായി ശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നു. സസ്യാഹാരികള്‍ക്ക് പ്രോട്ടീന്റെ മികച്ച ഉറവിടമാണ് കൂണുകള്‍. വൈറ്റമിന്‍ ഡിയും കൂണുകളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. നാരുകളുടെ നല്ലൊരു ഉറവിടം കൂടിയാണ് കൂണുകള്‍. കാത്സ്യം, പൊട്ടാസ്യം, കാര്‍ബോഹൈഡ്രേറ്റ്, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവ കൂണുകളില്‍ അടങ്ങിയിട്ടുണ്ട്. പ്രമേഹമുള്ളവര്‍ക്ക് കൂണ്‍ ആരോഗ്യകരമാണെന്നാണ് ശാസ്ത്രവിധി. അസ്ഥികളുടെ ബലക്കുറവും വൈറ്റമിന്‍ ഡിയുടെ കുറവും ഉള്ളവര്‍ ദിനഭക്ഷണത്തില്‍ കൂണ്‍ ശീലമാക്കണമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. എല്ലാത്തരം കൂണുകളും ഭക്ഷ്യയോഗ്യമല്ലെന്നു നേരത്തെ പറഞ്ഞല്ലോ. എന്നാല്‍ കൂണ്‍ കൂടുതല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കും. വൃക്ക സംബന്ധമായ അസുഖങ്ങളോ തകരാറുകളോ ഉള്ളവര്‍ കൂണ്‍ കഴിക്കുന്നത് ഒഴിവാക്കണമെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. കൂണുകളില്‍ പൊട്ടാസ്യം കൂടുതല്‍ അടങ്ങിയിട്ടുള്ളതിനാല്‍ വൃക്ക രോഗികള്‍ക്ക് ദോഷം ചെയ്യും.ശ്രദ്ധയോടെ സൂക്ഷിച്ചു കഴിച്ചില്ലെങ്കില്‍ അണുബാധയ്ക്കും സാധ്യതയുണ്ട്. വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെടാം. പരിസരങ്ങളില്‍ നിന്നും ലഭിക്കുന്ന കൂണുകള്‍ ഭക്ഷ്യയോഗ്യമാണെന്നു ഉറപ്പാക്കിയ ശേഷം മാത്രം ഉപയോഗിക്കുകയാണ് പ്രധാനം. ഇല്ലെങ്കില്‍ ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാവുക.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page