കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിസരം വാഹനങ്ങളുടെ ശവപ്പറമ്പായി. വിവിധ കേസുകളില്‍പ്പെട്ടതും പിടിച്ചെടുത്തതുമായ വാഹനങ്ങളാണ് മഴയും വെയിലും കൊണ്ട് തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുന്നത്.
കുമ്പളയെ കൂടാതെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും ഇത് തന്നെയാണ് സ്ഥിതി. ഇത്തരത്തിലുള്ള വാഹനങ്ങള്‍ ലേലം ചെയ്തു വില്‍ക്കുകയാണ് പതിവ്. എന്നാല്‍ ഇത്തരത്തിലുള്ള ലേലം വിളികളില്‍ തുടര്‍ നടപടികള്‍ ഇല്ലാത്തതും പുതിയ ലേലം നടക്കാത്തതുമാണ് വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കാന്‍ ഇടയാക്കുന്നത്.
പൊതുസ്ഥലങ്ങളില്‍ കെട്ടിക്കിടന്ന് നശിക്കുന്ന വാഹനങ്ങള്‍ ലേലം ചെയ്യാന്‍ സംസ്ഥാനത്ത് ആദ്യമായി ഇ-ലേലം നടപ്പിലാക്കിയ ജില്ലയാണ് കാസര്‍കോട്. ജില്ലാ കലക്ടര്‍ ഡി. സജിത്ബാബുവിന്റെ ആശയമായിരുന്നു ഈ ലേലം. അതിന് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു. ക്ഷേമ പെന്‍ഷന്‍ പോലും കൊടുക്കാന്‍ വഴിയില്ലാതെ സാമ്പത്തിക പ്രതിസന്ധിയിലായ സര്‍ക്കാര്‍ ലേല നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.