യുദ്ധം പരിഹാരമല്ല; വേണ്ടത്‌ സമാധാനം

0
2302


അസമാധാനത്തിന്റെയും അസ്വസ്ഥതയുടെയും കാര്‍മേഘപടലങ്ങള്‍ ലോകത്തെയാകമാനം ആവരണം ചെയ്‌തുകൊണ്ടിരിക്കുന്നു. എവിടെയും അക്രമങ്ങളും കലാപങ്ങളുമല്ലാതെ സമധാനപരമായ അന്തരീക്ഷം ഒരിടത്തും കാണാനില്ല. മതതീവ്രവാദവും, ഭീകരവാദവും ലോക രാഷ്‌ട്രങ്ങളെ ഞെക്കിഞെരുക്കി വീര്‍പ്പു മുട്ടിച്ച്‌ കൊല്ലുകയാണ്‌.
ഭാരതത്തിന്റെ സമാധാനപരമായ സഹവര്‍ത്തിത്വനയം അന്താരാഷ്‌ട്രബന്ധങ്ങളുടെ ചരിത്രത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്‌. ലോകത്തിലെ ആധുനിക രാഷ്‌ട്രീയ പ്രവണതകളെ ഗണ്യമായി സ്വാധീനിച്ചിട്ടുള്ള ഒരു സിദ്ധാന്തമാണിത്‌. ഇരുള്‍ മൂടിക്കിടക്കുന്ന അന്താരാഷ്‌ട്രാന്തരീക്ഷത്തില്‍ ആശയുടെയും സമാധാനത്തിന്റെയും കൈത്തിരി കൊളുത്താന്‍ കഴിയുന്ന ഒരു ദീപശിഖയാണ്‌ സഹവര്‍ത്തിത്വ സിദ്ധാന്തം.
ലോകരാഷ്‌ട്രങ്ങള്‍ സമാധാനത്തിലും സൗഹൃദത്തിലും വര്‍ത്തിക്കുകയെന്ന സുന്ദരവും ആനന്ദകരവുമായ ആശയം നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ തന്നെ മനുഷ്യന്‌ പ്രചോദനം നല്‍കുകയും ഇന്നും സമാധാനം കാംക്ഷിക്കുന്ന ലോകത്തിന്റെ മോഹന സ്വപ്‌നമായി നിലനില്‍ക്കുകയും ചെയ്യുന്നു. സഹവര്‍ത്തിത്വം ഗാന്ധിയന്‍ സിദ്ധാന്തങ്ങളുമായി തികച്ചും പൊരുത്തപ്പെടുന്നതും, ഇന്ത്യന്‍ ജനതയുടെ സാംസ്‌ക്കാരിക പാരമ്പര്യത്തിന്‌ അനുയോജ്യമായ ഒരു സിദ്ധാന്തമെന്ന നിലയില്‍ ഭാരത്തിന്റെ വിദേശനയ രൂപീകരണത്തില്‍ ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുമുണ്ട്‌. സ്വാതന്ത്ര്യം ലഭിച്ച്‌ ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇന്ത്യയ്‌ക്ക്‌ ലോക രാഷ്‌ട്രങ്ങളുടെയിടയില്‍ സമ്മാന്യമായൊരു പദവി ലഭിക്കുകയുണ്ടായി. ആഭ്യന്തര കാര്യങ്ങളില്‍ മാത്രമല്ല, വിദേശ കാര്യങ്ങളില്‍ കൂടി വന്‍ ശക്തികളുടെ ഇടപെടല്‍ കൂടാതെ കഴിക്കാനുതകുന്ന ചേരി ചേരാനയമാവിഷ്‌ക്കരിച്ചത്‌ ഭാരതത്തിന്റെ യശസ്സ്‌ വര്‍ദ്ധിപ്പിച്ചു. പക്ഷേ അന്താരാഷ്‌ട്ര മണ്ഡലത്തിലെ പ്രസ്‌തുത പ്രസിദ്ധി യഥായോഗ്യം കൂട്ടാനോ, നിലനിര്‍ത്താനോ നമുക്കിന്നുമായിട്ടില്ലായെന്നതാണ്‌ വാസ്‌തവം.
ഭാരതാംബയുടെ സന്താനമായ പാക്കിസ്ഥാനുമായി ഭാരതം സൗഹൃദബന്ധം ഊട്ടിയുറപ്പിക്കേണ്ടതുണ്ട്‌. എന്നിട്ടും പാക്കിസ്ഥാനു ഭാരതാംബയെ മുറിവേല്‍പ്പിക്കാനാണ്‌ ഭാവമെങ്കില്‍ പാക്കിസ്ഥാനിലെ ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കും ഭാരതം ഒരു പാഠം പഠിപ്പിക്കേണ്ടതുണ്ട്‌. ഭാരതത്തിന്റെ പുരോഗതിക്കും സമാധാനത്തിനും സുരക്ഷയ്‌ക്കും, നിലനില്‍പിനും പാക്കിസ്ഥാന്‍ ഭീകരവാദത്തെയും, തീവ്രവാദത്തെയും അടിച്ചമര്‍ത്തിയേ മതിയാകൂ. ലോകം മുഴുവന്‍ ഭീകരവാദത്തിനും, മതതീവ്രവാദത്തിനും , അസ്വസ്ഥതയ്‌ക്കും, അസഹിഷ്‌ണുതയ്‌ക്കും വിളനിലമൊരുക്കിയ അമേരിക്കയെ ഭാരതം വളരെ ദൂരം അകറ്റി നിര്‍ത്തേണ്ടതുണ്ട്‌.
യുദ്ധത്തിനുള്ള തയ്യാറെടുപ്പ്‌ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന്‌ പകരം കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുകമാത്രമേ ചെയ്യുകയുള്ളൂ. കഴിഞ്ഞകാലത്തിന്റെ വേദനാനിര്‍ഭരമായ കയ്‌പുള്ള അനുഭവങ്ങള്‍ നമുക്ക്‌ നല്‍കിയ പാഠമതാണ്‌. ഈ ചരിത്രസത്യം സൗകര്യപ്രദമായി അവഗണിച്ചപ്പോഴെല്ലാം ആ തെറ്റിന്‌ ലോകം കനത്ത വിലയാണ്‌ നല്‍കേണ്ടി വന്നിട്ടു ള്ളത്‌.
അന്താരാഷ്‌ട്ര പ്രശ്‌നങ്ങള്‍ സമാധാനപരമായും, ക്രിയാത്മകമായും പരിഗണിക്കപ്പെടേണ്ടതിന്റെ ആവശ്യകത ന്നത്തെപ്പോലെ മുമ്പൊരിക്കലും അനുഭവപ്പെട്ടിട്ടില്ല. ശാസ്‌ത്രപുരോഗതിയിലൂടെ, രാഷ്‌ട്രങ്ങള്‍ നേടിയെടുത്തിട്ടുള്ള മാരകമായ ആയുധശക്തി നാഗരികതയുടെയും പുരോഗതിയുടെയും മുമ്പില്‍ ഒരു വെല്ലുവിളിയാണ്‌. ശാശ്വത സമാധാനത്തിന്റെ സ്വപ്‌നം യഥാര്‍ത്ഥ്യമാക്കി മാറ്റുന്നതിന്‌ രാഷ്‌ട്രങ്ങള്‍ യുദ്ധത്തിന്റെയും ശത്രുതയുടെയും മാര്‍ഗ്ഗങ്ങള്‍ ഉപേക്ഷിക്കുകതന്നെ വേണം.
ഭാരതം അന്താരാഷ്‌ട്ര രംഗത്ത്‌ നടത്തിയിട്ടുള്ള സമാധാന ശ്രമങ്ങളും യുദ്ധത്തിനെതിരായി സംഘടിപ്പിച്ചിട്ടുള്ള സംരംഭങ്ങളും അന്താരാഷ്‌ട്ര സംഘര്‍ഷം കുറയ്‌ക്കുന്നതിന്‌ ഏറെ സഹായിച്ചിട്ടുണ്ട്‌. സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെ വിജയം കുറിച്ച രംഗങ്ങള്‍ വളരെയേറെയുണ്ട്‌. പരസ്‌പരം ഏറ്റ്‌ മുട്ടാന്‍ തയ്യാറെടുത്ത്‌ നിന്ന രാഷ്ട്രങ്ങളുടെയിടയില്‍ ഐക്യരാഷ്‌ട്ര പതാകയുടെ കീഴില്‍ ഭാരതം നിര്‍വ്വഹിച്ചിട്ടുള്ള സേവനങ്ങള്‍ നിരവധിയാണ്‌. ആഫ്രോ ഏഷ്യന്‍ രാജ്യങ്ങളുടെ നേതൃത്വം ഇന്ത്യയ്‌ക്ക്‌ നേടിയെടുക്കാന്‍ സഹായിച്ചതും സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെ പ്രായോഗികത പ്രകടമാക്കുന്ന ഒരു വസ്‌തുതയാണ്‌.
ജനാധിപത്യത്തിന്റെ അംഗീകൃത മൂല്യങ്ങളെ അന്താരാഷ്‌ട്രരംഗത്ത്‌ പ്രായോഗികമാക്കുന്ന ഒരു പ്രക്രിയയാണ്‌ സഹവര്‍ത്തിത്വം.
ഒരു യുദ്ധത്തിലൂടെ പാക്കിസ്ഥാനെ തകര്‍ക്കാന്‍ നമുക്ക്‌ നിഷ്‌പ്രയാസം സാധിക്കും. എന്നാല്‍ അതിന്റെ പ്രത്യാഘാതത്തിന്‌ വലിയ വില നാം കൊടുക്കേണ്ടിവരും. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുകയാണ്‌ വേണ്ടത്‌. ആണവശക്തികളായ രണ്ട്‌ രാജ്യങ്ങള്‍ തമ്മിലേറ്റുമുട്ടുമ്പോള്‍ നിരപരാധികളായ പിഞ്ചുകുഞ്ഞുങ്ങളുടെയും അമ്മമാരുടെയും ജീവിതങ്ങളാണ്‌ പൊലിഞ്ഞ്‌ പോകുന്നത്‌. കഴിഞ്ഞ്‌ പോയ യുദ്ധങ്ങളെല്ലാം നിരപരാധികളായ എത്രയോ ജനങ്ങളുടെ ജീവന്‍ ബലികൊടുത്ത ചരിത്രമാണ്‌. ലോകത്തിനെക്കാലത്തും പറയാനുള്ളത്‌ സമാധാനപരമായ നീക്കങ്ങളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നമുക്കായാല്‍ ലോകത്തിന്‌ മുമ്പില്‍ ഇന്ത്യയുടെ പ്രശസ്‌തി വാനോളം ഉയരുമെന്ന കാര്യത്തില്‍ സംശയമില്ല.
എല്ലാവര്‍ക്കും നാശവും നഷ്‌ടവും നേരിടുന്ന മഹാവിപത്താണ്‌ അണുവായുധം. യുദ്ധഭീഷണി അവസാനിപ്പിക്കുകയെന്നത്‌ മനുഷ്യവര്‍ഗ്ഗത്തിന്റെ വിജയമാണ്‌. സമാധാനത്തോടെ, മൈത്രി പൂര്‍ണ്ണമായ സഹകരണത്തോടെ ഒത്തുചേര്‍ന്ന്‌ ജീവിക്കുവാന്‍ പാക്കിസ്ഥാന്‍ പഠിക്കണം. അങ്ങനെ പഠിക്കാനുദ്ദേശമില്ലെങ്കില്‍ ഭാരതം പാഠം പഠിപ്പിക്കുക തന്നെ ചെയ്യും തീര്‍ച്ച.

NO COMMENTS

LEAVE A REPLY