അനിലയും സുദർശനും ഒരുമിച്ച് പഠിച്ചവർ; സോഷ്യൽ മീഡിയയിലൂടെ വീണ്ടും സൗഹൃദമായി; അനിലയുടെ മരണം കൊലയെന്ന് പൊലീസ്

കാണാതായ യുവതിയെ വിനോദയാത്ര പോയ കുടുംബത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. അനിലയുടെ കഴുത്ത് ഞെരിച്ചതായി പോസ്‌റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയതായാണു സൂചന. അനിലയുടെ മൂക്കിലുടെയും വായിലൂടെയും രക്‌തം വന്നിട്ടുണ്ട്. അടിയേറ്റതിനെ തുടർന്നാണിതെന്നാണ് പ്രാഥമിക പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. അനിലയെ കൊലപ്പെടുത്തിയ ശേഷം സുഹൃത്തായ സുദർശൻ ജീവനൊടുക്കിയതാണെന്ന നിഗമനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മരണം കൊലപാതകമാണെന്ന് അനിലയുടെ സഹോദരൻ അനീഷും ആരോപിച്ചിരുന്നു. അനിലയും സുദർശനും സുഹൃത്തുക്കളായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരും വിവാഹിതരാണ്. സ്കൂളിൽ ഒരുമിച്ച് പഠിച്ചവരാണ് അനിലയും സുദർശനും. കാലങ്ങൾക്ക് ശേഷം സോഷ്യൽ മീഡിയ വഴി ഇവരുടെ ബന്ധം ദൃഢമായി. ഇവരുടെ ബന്ധം വീട്ടുകാർ അറിയുകയും പല പ്രശ്നങ്ങളും കുടുംബങ്ങൾ തമ്മിലുണ്ടാകുകയും ചെയ്തു. ബന്ധത്തിൽനിന്ന് പിന്മാറാൻ അനില തയ്യാറായെങ്കിലും സുദർശൻ തയ്യാറായില്ലെന്നും പൊലീസ് പറഞ്ഞു.
കോയിപ്രയിലെ എം.അനിലയെയാണ് (36) അന്നൂർ കൊരവയലിലെ റിട്ട. ജവാൻ ജിറ്റി ജോസഫിന്റെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ജിറ്റി വീട് നോക്കാൻ ഏൽപിച്ച മാതമംഗലത്തിനടുത്തുള്ള വെള്ളരിയാനത്തെ ടാപ്പിങ് തൊഴിലാളി കരിയംപ്ലാക്കൽ സുദർശൻ പ്രസാദിനെ (34) ആണ് ഇരൂളിലെ റബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഈ തോട്ടത്തിലെ ടാപ്പിങ് തൊഴിലാളിയാണ് സുദർശൻ. സുദർശന്റെ മരണവിവരം അറിഞ്ഞ ജിറ്റി സുഹൃത്തിനെ വിളിച്ച് അന്നൂരിലെ വീട്ടിൽ ചെന്നു നോക്കാൻ പറയുകയായിരുന്നു. സുഹൃത്തെത്തി ജനൽ തുറന്നു നോക്കിയപ്പോഴാണ് യുവതിയുടെ മൃതദേഹം നിലത്തു കിടക്കുന്നതു കണ്ടത്. മുഖത്ത് രക്തംപുരണ്ട് വികൃതമായ നിലയിലായിരുന്നു മൃതദേഹം. ശനിയാഴ്ച‌ രാവിലെ മാതമംഗലത്തെ വ്യാപാര സ്ഥാപനത്തിൽ ജോലിക്കു പോയ അനിലയെ കാണാനില്ലെന്ന് ബന്ധുക്കൾ പെരിങ്ങോം പൊലീസിൽ പരാതി നൽകിയിരുന്നു. കൊലപാതകം നടത്തിയശേഷം നേരം പുലരും മുമ്പ് സുദർശൻ സ്വന്തം നാട്ടിലെത്തി തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. അന്നൂരിൽനിന്ന് 22 കിലോമീറ്ററോളം അകലെയുള്ള ഇരൂളിലെ വീട്ടുവളപ്പിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഞായറാഴ്ച രാവിലെ ഇയാളുടെ സഹോദരൻ ടാപ്പിങ്ങിനായി പോയ സമയത്താണ് വീട്ടുവളപ്പിലെ മരത്തിൽ തൂങ്ങിയനിലയിൽ മൃതദേഹം കണ്ടത്.
യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പയ്യന്നൂർ പൊലീസ് സ്റ്റേഷനിലും അനിലയെ കാണാനില്ലെന്ന പരാതിയിൽ പെരിങ്ങോം സ്റ്റേഷനിലും കേസെടുത്തിട്ടുണ്ടെന്ന് തളിപ്പറമ്പ് ഡിവൈ.എസ്.പി. പി.പ്രമോദ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page