കാസര്‍കോട്: കാസര്‍കോട് ലോക് സഭാ മണ്ഡലത്തില്‍ മൂന്നു മുന്നണികളും തങ്ങളുടെ സ്വാധീന മേഖലകളില്‍ പ്രചരണം ഊര്‍ജിതമാക്കുന്നു. മഞ്ചേശ്വരം മേഖലയില്‍ ബി.ജെപി സ്ഥാനാര്‍ത്ഥി എംഎല്‍ അശ്വിനിക്ക് ചുവരെഴുത്തുകള്‍ ആരംഭിച്ചു. ഇടത്- വലതു മുന്നണികള്‍ കാഞ്ഞങ്ങാട്, നീലേശ്വരം മേഖലകളില്‍ ചുവരെഴുത്ത് തുടങ്ങി. പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കുന്നുണ്ട്. അതേസമയം, കുറ്റിക്കോല്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി സ്ഥാപിച്ചിരുന്ന പോസ്റ്ററുകള്‍ ഇളക്കി മാറ്റി കൊണ്ടു പോവുകയും ചെയ്തതായി പരാതിയുണ്ട്. പ്രചരണം ചൂടുപിടിക്കുന്നതോടെ നശീകരണ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിച്ചേക്കുമെന്ന് ഉല്‍ക്കണ്ഠയുണ്ട്. സ്ഥാനാര്‍ഥികള്‍ പാര്‍ലിമെന്റ് മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെയും സംഘടിത മേഖലകളും സന്ദര്‍ശിക്കുന്ന തിരക്കിലാണ്. സി.പി.എം സ്ഥാനാര്‍ഥി എം.വി ബാലകൃഷ്ണനാണ് ആദ്യമായി വോട്ടുമാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ഥന ആരംഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനും പ്രചരണ രംഗത്ത് സജീവമായുണ്ട്. സിപിഎമ്മിന്റെ കുത്തക മണ്ഡലമായിരുന്ന കാസര്‍കോട് തിരിച്ചു പിടിക്കാനുള്ള ഭഗീരഥപ്രയത്‌നത്തിലാണ് പാര്‍ടിയും മുന്നണികളും. എന്നാല്‍ പിടിച്ചെടുത്ത മണ്ഡലം നിലനിര്‍ത്തുവാന്‍ യുഡിഎഫും ഒപ്പത്തിനൊപ്പം നില്‍ക്കുന്നു. ഈ മുന്നണികളുടെ പോരാട്ടത്തിനിടയില്‍ നിഷ്പക്ഷരുടെയും സാധാരണക്കാരുടെയും പിന്തുണ പരമാവധി ആര്‍ജിക്കുവാന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും ജാഗ്രത പുലര്‍ത്തുന്നു. സ്ഥാനാര്‍ത്ഥിത്വം മൂന്നു മുന്നണികളിലും ആദ്യഘട്ടത്തില്‍ അലോസരങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇടതു വലതും മുന്നണികള്‍ പ്രവര്‍ത്തന രംഗത്ത് ഇപ്പോള്‍ സജീവമാകുന്നുണ്ട്. മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെയും സംഘടിത മേഖലയിലെ പര്യടനം കഴിഞ്ഞാല്‍ മണ്ഡല പര്യടനത്തോടൊപ്പം കോര്‍ണര്‍ മീറ്റിങ്ങുകള്‍ക്കും തയ്യാറെടുപ്പ് ആരംഭിച്ചിട്ടുണ്ട്.