ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതക കേസില്‍ ഒരു മൃതദേഹം കണ്ടെത്തി പോലീസ്. കൊല്ലപ്പെട്ട വിജയന്റെ മൃതദേഹം ആണ് കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. കാഞ്ചിയാര്‍ കക്കാട്ടുകടയിലെ വാടക വീട്ടിലെ തറ കുഴിച്ച് നടത്തിയ പരിശോധനയില്‍ ആണ് വിജയന്റെ മൃതദേഹം കണ്ടത്. കുഴിയില്‍ ഇരുത്തിയ നിലയില്‍ ആയിരുന്നു മൃതദേഹം. പാന്റ്, ഷര്‍ട്ട്, ബെല്‍റ്റ് എന്നിവയുടെ അവശിഷ്ടങ്ങളും മൃതദേഹത്തിന് അടുത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇവയും മൃതദേഹത്തിന്റെ അവശിഷ്ടങ്ങളും ഫോറന്‍സിക് പരിശോധനയ്ക്കായി അയക്കും. തലയ്ക്ക് അടിച്ചാണ് വിജയനെ പ്രതികള്‍ കൊലപ്പെടുത്തിയത്. ഇതിന് ഉപയോഗിച്ച ചുറ്റിക കണ്ടെത്തിയിരുന്നു. കൊലയ്ക്ക് ശേഷം മൃതദേഹം മുറിയുടെ തറ തുരന്ന് അതിനുള്ളില്‍ കുഴിച്ചിടുകയായിരുന്നു. ഇതിന് ശേഷം തറ കോണ്‍ക്രീറ്റ് ചെയ്തിരുന്നു. ഇത് പൊളിച്ചാണ് പൊലീസ് പരിശോധന നടത്തിയത്. രാവിലെ ഒന്‍പതരയോടെ ആയിരുന്നു പൊലീസ് പരിശോധന ആരംഭിച്ചത്.
കൊലപാതകത്തില്‍ വിജയന്റെ ഭാര്യയ്ക്കും മകള്‍ക്കും കൂടി പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാന്‍ അന്വേഷണം ആരംഭിച്ചു.
പ്രതി നിതീഷുമായുള്ള തെളിവെടുപ്പില്‍ വിജയനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ചുറ്റിക കണ്ടെടുത്തിരുന്നു. തുടര്‍ന്ന് ഫോറന്‍സിക് സര്ജന് സ്ഥലത്തെത്തിയതോടെ തറ കുഴിച്ച്
മൃതദേഹം പുറത്തെടുക്കാനുള്ള നടപടി ആരംഭിക്കുകയായിരുന്നു. മോഷണത്തിന് പിടികൂടിയ പ്രതികള്‍ മുമ്പ് ഇരട്ടക്കൊലപാതകം നടത്തിയിരുന്നുവെന്ന് കണ്ടെത്തുന്നത് പൊലീസിന്റെ വിദഗ്ധമായ അന്വേഷണത്തിലാണ്. വിജയനെ കഴിഞ്ഞ ഓണംമുതല്‍ കാണാതായെന്നും ദുരൂഹതയുണ്ടെന്നും ബന്ധുക്കളില്‍ ചിലര്‍ പറഞ്ഞു.
![](https://mlozaudj56ft.i.optimole.com/w:1670/h:996/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/inbound663317320018624884.jpg)