മാര്‍ച്ച് 8 ലോക വനിതാ ദിനം; സ്ത്രീ പുരുഷ തുല്യത

കൂക്കാനം റഹ്‌മാന്‍

സ്ത്രീക്കും പുരുഷനും എല്ലാ കാര്യത്തിലും തുല്യത വേണമെന്ന ആശയം പ്രചരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി.
പക്ഷെ അതിന്നും സ്വപ്നമായി പൂര്‍ത്തീകരിക്കാത്ത ആശയവും ആഗ്രഹവുമായി നിലനില്‍ക്കുകയാണ് എന്നത് മറ്റൊരു സത്യം.
ശരീരം കൊണ്ടും മനസ്സുകൊണ്ടും പ്രവൃത്തികൊണ്ടും ഇരു കൂട്ടര്‍ക്കും തുല്യത കൈവരിക്കാന്‍ കഴിയില്ലെന്ന് സമൂഹം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്. എങ്കിലും പുരുഷന്‍ തുല്യതയ്ക്കു വേണ്ടി മുറവിളി കൂട്ടാറില്ല.
സ്ത്രീകളാണ് പുരുഷനൊപ്പം എല്ലാരംഗത്തും തങ്ങള്‍ക്ക് തുല്യത വേണമെന്നാവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത്.
പുതിയ കാലത്ത് സാമൂഹ്യമായ എല്ലാതരം സുരക്ഷയും നിയമപ്രകാരം സ്ത്രീകള്‍ക്കു ലഭിക്കുന്നുണ്ട്.
ഭയപ്പെടാതെ സാമൂഹ്യ ഇടപെടലുകള്‍ സ്ത്രീകള്‍ക്ക് സാധ്യമാവുന്നുണ്ട്.
തൊട്ടാല്‍ പൊള്ളുന്ന തീയാണ് ഞങ്ങളെന്ന ഗര്‍വ്വോടെയാണ് സ്ത്രീസമൂഹം മുന്നോട്ടുകുതിക്കുന്നത്.
അതിന് പ്രധാന കാരണം അവര്‍ക്കിവിടെ നിയമ സംരക്ഷണം അത്ര എളുപ്പത്തില്‍ ലഭ്യമാവുന്നുണ്ട്.
അതിലുപരി സാമൂഹ്യ സംരക്ഷണം ലഭ്യമാവുന്നില്ല എന്നതാണ് യഥാര്‍ത്യം. സമൂഹം സ്ത്രീയേയും പുരുഷനേയും വ്യത്യസ്തരായി തന്നെ കാണുന്നു.
എല്ലാം കൊണ്ടും അവര്‍ വ്യത്യസ്ഥരുമാണല്ലോ.
പുരുഷശ്രദ്ധ പിടിച്ചുപറ്റാനുളള വസ്ത്രങ്ങളും ചമയങ്ങളുമായാണ് സ്ത്രീകള്‍ പുറത്തിറങ്ങുന്നത്.
എത്രത്തോളം ശരീര സൗന്ദര്യം വേഷഭൂഷാദികളിലൂടെ വരുത്തിത്തീര്‍ക്കാമോ അത്രത്തോളമവരതില്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. തുല്യതയ്ക്കു വേണ്ടിയുളള ശ്രമത്തില്‍ ശരീര സൗന്ദര്യം പ്രദര്‍ശിപ്പിക്കാനുളള വ്യഗ്രത ഇല്ലാതാക്കണം.
ശരീരം മുഴുവന്‍ മറച്ചുകൊണ്ടുളള വസ്ത്രരീതിയാണ് സ്ത്രീകള്‍ക്ക് അഭികാമ്യമെന്ന് തോന്നുന്നു.
വേഷത്തില്‍ മാത്രം പോരാ സംസാരത്തിലും ചിരിയിലും ഇടപെടലിലും എതിര്‍ലിംഗക്കാരെ ആകര്‍ഷിക്കാനുളള പ്രവണതയ്ക്ക് മാറ്റം വരുത്തണം.
പുരുഷന് വിധേയമായിക്കൊടുക്കാനുളള രീതിയിലുളള ഇടപെടലുകള്‍ക്ക് പകരം ഗൗരവം മുറ്റി നില്‍ക്കുന്ന മുഖഭാവവും ഇടപെടുകളുമാണ് സ്ത്രീകള്‍ സ്വീകരിക്കേണ്ടത്.
തൊണ്ണൂറ് വയസ്സായ അച്ഛാച്ഛനെ ശ്രദ്ധിക്കുന്ന എഴുപതുകാരി അമ്മാമ്മയുടെ അനുഭവം അവരുടെ മരുമകള്‍ ഒരിക്കലെന്നോട് പങ്കുവെക്കുകയുണ്ടായി.
അവരീ പ്രായത്തിലും ഒരുമിച്ചേ കിടക്കൂ. ഭര്‍ത്താവ് രാത്രി സമയത്ത് ഒന്നു ചുമച്ചു പോയാല്‍ പിന്നെ ഭാര്യ ഉറങ്ങില്ല. എഴുന്നേറ്റിരുന്ന് അദ്ദേഹത്തെ പരിചരിക്കും. ഉറക്കമൊഴിഞ്ഞ് അരികത്തിരിക്കും. കാലത്തെഴുന്നേറ്റാല്‍ വേവലാതിയോടെ മക്കളോട് പറയുമത്രേ.
‘ഇന്നലെ ഉറക്കത്തില്‍ അങ്ങേരൊന്ന് ചുമച്ചു പിന്നെ ഞാന്‍ ഉറങ്ങിയിട്ടേയില്ലട്ടോ.’
നോക്കൂ ഈ പ്രായത്തിലും അവര്‍ ഭര്‍ത്താവിനെ ചേര്‍ത്ത് നിര്‍ത്തുന്നത് എങ്ങനെയാണെന്ന്.
പിന്നെ ഉറങ്ങാന്‍ കിടന്നാല്‍ ഭര്‍ത്താവിന് ഫാനിടുന്നതിഷ്ടമല്ല ഭാര്യയ്ക്ക് നല്ല കാറ്റും വേണം.
ഭര്‍ത്താവിന്റെ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് ഭാര്യയും ഫാനിടാതെ കിടക്കുന്നു.
ഇവിടെ സ്‌നേഹമാണ് ഇരുവരേയും ബന്ധിപ്പിക്കുന്നത്.
ആരും ആര്‍ക്കും കീഴ്‌പ്പെടുത്തുന്നില്ല. ഈയൊരു തുല്യത കൈവരിക്കാന്‍ നിയമം വേണ്ട. ആരുടേയും സമ്മര്‍ദ്ദവും വേണ്ട. സ്വയം ആര്‍ജിച്ചെടുക്കുന്ന തുല്യതയാണിത്.
മരുമകള്‍ ഒരു കാര്യം കൂടി പറഞ്ഞു.
എന്റെ ഭര്‍ത്താവ് ജോലിക്ക് പോയാല്‍ ഒരാഴ്ച കഴിഞ്ഞേ തിരിച്ചു വരൂ.
വന്നു കഴിഞ്ഞാല്‍ ഉടനെ അദ്ദേഹമെന്നെ കെട്ടിപ്പിടിച്ച് കവിളിലൊരുമ്മ തരും. അങ്ങിനെ ചെയ്യുന്നത് അച്ഛന്റെയും അമ്മയുടേയും മുന്നില്‍ വെച്ചു തന്നെയായിരിക്കും.
ഞങ്ങള്‍ തമ്മില്‍ തുല്യതയ്ക്ക് ഒരു കുറവുമില്ല.
അച്ഛനുമമ്മയും മാതൃകാ ദമ്പതികളാണ്. ഞങ്ങള്‍ അതു കണ്ടുകൊണ്ടാണ് വളരുന്നത്.
സന്തോഷത്തോടെ അടുത്ത ജന്മത്തിലും ഇങ്ങേര് തന്നെയാവണമെന്റെ ഭര്‍ത്താവ് എന്ന് ഞാന്‍ ആശിച്ചു പോവുന്നു.’
അത് പോലെ വേറൊരു സഹോദരി പറയുന്നു.
വിവാഹിതയായിട്ട് അഞ്ചുവര്‍ഷം വര്‍ഷം കഴിഞ്ഞിരുന്നു. അവര്‍ക്ക് രണ്ട് കുട്ടികളും പിറന്നു. പക്ഷെ അവള്‍ സ്വാതന്ത്ര്യമിഷ്ടപ്പെടുന്നു.
എന്നും ഭര്‍ത്താവ് പറയുന്നത് പോലെ പ്രവര്‍ത്തിക്കാന്‍ അവള്‍ക്കാവുന്നില്ല. അനുവാദം വാങ്ങാതെ അവള്‍ വീട്ടാവശ്യത്തിനും സ്വന്തം ആവശ്യത്തിനും പുറത്തേക്ക് പോവാറുണ്ട്.
ഭര്‍ത്താവിനിത് ഇഷ്ടമല്ല. കുടുംബകാര്യങ്ങള്‍ മാന്യമായ തൊഴില്‍ ചെയ്യുന്ന അവളുടെ സഹപാഠിയുമായി പങ്കിടാറുണ്ട്.
ഇതറിഞ്ഞ ഭര്‍ത്താവ് അവളുമായി വഴക്കുണ്ടാക്കി.
ഇനിയൊന്നിച്ചു ജീവിക്കാന്‍ കഴിയില്ലെന്ന് അയാള്‍ തീരുമാനിച്ചു.
അവളുടെ ആഗ്രഹവും അതു തന്നെയായിരുന്നു.
രണ്ടു പേരും സൗഹൃദത്തോടെ പിരിഞ്ഞു. മക്കളെ വളര്‍ത്തുന്ന ഉത്തരവാദിത്വം അവള്‍ സ്വയമേറ്റെടുത്തു.
ഇക്കാര്യമറിഞ്ഞ കൂട്ടുകാരന്‍ അവളെ ഭാര്യയായി സ്വീകരിച്ചു.
രണ്ടു മക്കളുമായി അവള്‍ അവന്റെ കൂടെ ജീവിതമാരംഭിക്കുന്നു.
അവളുടെ സ്വഭാവം മനസ്സിലാക്കിയ കൂട്ടുകാരന്‍ അവളെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് ജീവിക്കാന്‍ അനുവദിച്ചു.
അവളുടെ രണ്ടു മക്കളേയും അയാള്‍ സ്വന്തം മക്കളെ പോലെ കാണാന്‍ തയ്യാറാകുന്നു.
ഈ കഥ പറഞ്ഞ ശേഷം അവള് പറഞ്ഞത് മാഷേ ഇപ്പോഴാണ് എന്റെ ജീവിതം ഞാനാസ്വദിച്ചു തുടങ്ങിയത്.
സ്‌നേഹത്തേക്കാള്‍ ചിലപ്പോഴാവശ്യം സ്വാതന്ത്ര്യമാണ്.
ആരും ആര്‍ക്കും അടിമയല്ലെന്ന് ഓര്‍ക്കുക.
ഇത്തരം തുല്യതയാണ് സ്ത്രീയും പുരുഷനും തമ്മില്‍ ഉണ്ടാവേണ്ടത്.
അല്ലാതെ കൃത്രിമമായി കെട്ടിച്ചമച്ച തുല്യതയല്ല ഇവിടെ വേണ്ടത്.
ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരേ വസ്ത്രം ധരിച്ചതു കൊണ്ടോ ഒപ്പമിരുന്ന് പഠിച്ചതുകൊണ്ടോ തുല്യത കൈവരാന്‍ സാധ്യതയില്ല.
രണ്ടുപേരും തമ്മിലുളള അഡ്ജസ്റ്റ്‌മെന്റിലൂടെ മാത്രമെ തുല്യത വരുത്താന്‍ കഴിയൂ.
പുരുഷന്‍മാരേക്കാളും എത്രയോ ഉന്നത പദവിയില്‍ സ്ത്രീകള്‍ എത്തിപ്പെട്ടിട്ടുണ്ട്. സര്‍വ്വമേഖലയിലും തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ സ്ത്രീകള്‍ക്ക് സാധിച്ചിട്ടുമുണ്ട്.
പക്ഷേ കുടുംബാന്തരീക്ഷത്തില്‍ അത്തരം ഔന്നത്യംകൊണ്ട് തുല്യത കൈവരിക്കാന്‍ സാധ്യമല്ല.
അവിടെ വേണ്ടത് പരസ്പര വിട്ടുവീഴ്ചയും സൗഹൃദാന്തരീക്ഷം സൃഷ്ടിച്ചെടുക്കലുമാണ്.
സമൂഹത്തില്‍ സ്ത്രീക്കും പുരുഷനും തുല്യതയുണ്ട്.
ഔദ്യോഗിക രംഗത്ത് തുല്യത കാണിച്ചേ പറ്റൂ.
ഭരണ നിര്‍വ്വഹണ കാര്യത്തിലും സാമൂഹ്യ സാങ്കേതിക മേഖലകളിലും പൊതു സമൂഹത്തില്‍ തുല്യതയുണ്ട്.
ഇതെല്ലാമുണ്ടായിട്ടും പുരുഷന്റെ നിയന്ത്രണത്തിലാണ് ചിലപ്പോഴൊക്കെ സ്ത്രീയുടെ ജീവിതം.
അതിന് മാറ്റം വരുത്താന്‍ പലപ്പോഴും കഴിയാതെ വരുന്നു.
വീട്ടകങ്ങളില്‍ സ്ത്രീക്ക് സ്വാതന്ത്ര്യമായി ഇടപെടാന്‍ സാധിക്കുന്നില്ല.
പുരുഷന്റെ മാത്രം നിയന്ത്രണങ്ങളെ നടക്കുന്നുളളൂ.
സ്ത്രീക്ക് നിയന്ത്രണമേറ്റെടുത്ത് കുടുംബത്തെ നയിക്കാന്‍ പ്രാപ്തമായാലേ വീടുകളിലെ തുല്യതയെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ കഴിയു.
എണ്‍പത് വര്‍ഷം മുമ്പ് കേരള സമൂഹത്തില്‍ വീടുകളില്‍ സ്ത്രീകള്‍ക്കായിരുന്നു നിയന്ത്രണാധികാരം.
ഭക്ഷണം തയ്യാറാക്കുന്നതിലും തൊഴില്‍ ചെയ്യുന്നതിലും സ്ത്രീകളുടെ നിര്‍ദ്ദേശങ്ങളാണ് പുരുഷന്‍മാര്‍ സ്വീകരിച്ചിരുന്നത്.
കാലം മാറിയപ്പോള്‍ ആവശ്യങ്ങള്‍ വര്‍ദ്ധിച്ചു.
തൊഴില്‍ സാധ്യതകള്‍ നിരവധിയായി. പഠനരംഗത്ത് ഉയര്‍ച്ചയുണ്ടായി.
ഇപ്പോഴാണ് തുല്യതയുടെയാവശ്യം കൂടുതല്‍ ശക്തമായത്.
തുല്യാവകാശവും തുല്യനീതിയും ലഭ്യമാവുന്നുണ്ടെങ്കിലും വ്യക്തി ജീവിതത്തില്‍ അത് വേണ്ടത്ര പ്രതിഫലിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം നമ്മള്‍ അംഗീകരിക്കണം.
തിരുത്തപ്പെടാന്‍ തയ്യാറാകണം.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page