വിട്ടുവീഴ്ചക്കില്ല; മൂന്നാം സീറ്റ് കിട്ടിയേ തീരു; നിലപാട് കടുപ്പിച്ച് ലീഗ് നേതാക്കള്‍; ഇന്ന് നിര്‍ണായക യോഗം

മലപ്പുറം: മൂന്നാം സീറ്റ് എന്ന ആവശ്യം ന്യായവും അര്‍ഹതപ്പെട്ടതുമാണെന്ന് മുസ്ലിംലീഗ് നേതാക്കള്‍. മൂന്നാം സീറ്റ് വിഷയത്തില്‍ ഇനി ഒരു വിട്ടുവീഴ്ചക്കും തയ്യാറാകേണ്ടതില്ലെന്നും നിലപാട് കടുപ്പിക്കണമെന്നും ലീഗ് നേതാക്കള്‍ വ്യക്തമാക്കി. ആവശ്യപ്പെടുന്നത് ന്യായമായ കാര്യമെന്ന് മുതിര്‍ന്ന മുസ്ലിംലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഉഭയകക്ഷി ചര്‍ച്ചയിലും ലീഗ് വിട്ടുവീഴ്ച ചെയ്യില്ല. വിട്ടുവീഴ്ച ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണെന്നും ഇടി പറഞ്ഞു.
മൂന്നാം സീറ്റ് ആവശ്യത്തില്‍ ഉറച്ചു നില്‍ക്കും. ലീഗ് നിലപാട് മാറ്റില്ല. ന്യായമായ കാര്യമാണ് ലീഗ് ആവശ്യപ്പെട്ടത്. മൂന്നാം സീറ്റ് ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. മൂന്നാം സീറ്റിന് പകരം രാജ്യസഭാ സീറ്റ് വിഷയം മുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഒറ്റക്ക് മത്സരിക്കുന്ന തീരുമാനം ഒന്നും എടുത്തിട്ടില്ല. അക്കാര്യം പിന്നെ വിശദമായി ചര്‍ച്ച ചെയ്യേണ്ടതാണ്. ഉഭയകക്ഷി ചര്‍ച്ചയില്‍ പരിഹാരം ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ. ഒന്നുകില്‍ മൂന്നാം സീറ്റ്, അല്ലങ്കില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് എന്നീ ആവശ്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ് ലീഗ്. ഇത് രണ്ടുമല്ലാതെ ഒരു ഒത്തുതീര്‍പ്പും ഇല്ലെന്നാണ് ലീഗിന്റെ നിലപാട്. എന്നാല്‍ രണ്ട് ആവശ്യങ്ങള്‍ക്കും വഴങ്ങാന്‍ ആവില്ലെന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങളും പറയുന്നത്.
പ്രതിസന്ധി കടുത്തതോടെ പരിഹാരത്തിനായുള്ള നിര്‍ണായകയോഗം എറണാകുളത്ത് 12 മണിയോടെ ആരംഭിക്കും. കോണ്‍ഗ്രസില്‍ നിന്ന് കെ സുധാകരന്‍, വിഡി സതീശന്‍, എംഎം ഹസന്‍ എന്നിവരും ലീഗില്‍ നിന്ന് പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍, പിഎംഎ സലാം, എംകെ മുനീര്‍ എന്നിവരും പങ്കെടുക്കും. നേതാക്കളെല്ലാം എറണാകുളത്ത് എത്തിയിട്ടുണ്ട്. ശുഭ തീരുമാനം ആയിരിക്കും പുറത്തുവരികയെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page