കാസര്‍കോട്: വീട്ടിലെ കിടപ്പു മുറിയില്‍ കുടുങ്ങിയ പിഞ്ചു കുഞ്ഞിനു രക്ഷകരായി ഫയര്‍ഫോഴ്സ്. ഉപ്പള കോടിബയലിലെ ഒരു വീട്ടില്‍ വെള്ളിയാഴ്ച വൈകിട്ട് 3.45 ഓടെയാണ് സംഭവം. മുറിക്കകത്തു കയറിയ കുഞ്ഞ് അറിയാതെ അകത്തുനിന്നു വാതിലിന്റെ പൂട്ട് ഇടുകയായിരുന്നു. അകത്തു കുടുങ്ങി പുറത്തിറങ്ങാന്‍ കഴിയാതെ കുഞ്ഞ് നിലവിളിച്ചതോടെയാണ് സംഭവം വീട്ടുകാര്‍ അറിയുന്നത്. എത്ര ശ്രമിച്ചിട്ടും വാതില്‍ തുറക്കാന്‍ വീട്ടുകാര്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. സ്റ്റേഷന്‍ ഓഫീസര്‍ സിപി രാജേഷിന്റെ നേതൃത്വത്തിലെത്തിയ ഫയര്‍ഫോഴ്സ് വാതിലിലെ പൂട്ട് അഴിച്ചു മാറ്റി കുട്ടിയെ പുറത്തെത്തിച്ചു.