ആനകൾക്ക് മർദ്ദനം; ഗുരുവായൂരിൽ രണ്ട് പാപ്പാന്മാർക്ക് സസ്പെൻഷൻ

തൃശൂര്‍: ഗുരുവായൂർ ആനകോട്ടയിലെ ആനകളെ പാപ്പാന്മാര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ നടപടി. രണ്ട് പാപ്പാന്മാരെ സസ്‌പെൻഡ് ചെയ്തു. മര്‍ദനമേറ്റ കൃഷ്ണ, കേശവൻ കുട്ടി എന്നീ ആനകളുടെ പാപ്പാന്മാരെയാണ് സസ്പെന്‍ഡ് ചെയ്തത്. ആനകളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇരുവരിൽ നിന്നും വിശദീകരണം തേടിയിരുന്നു.

ജയലളിത നടയ്ക്കിരുത്തിയ കൃഷ്ണ, കേശവൻകുട്ടി എന്നിവയെ പാപ്പാൻ അടിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ദേവസ്വംബോർഡ് അന്വേഷണം തുടങ്ങിയത്. ഒരു മാസം മുമ്പാണ് സംഭവം. കുളിപ്പിക്കാൻ കിടക്കാൻ കൂട്ടാക്കാത്ത ആനയെ പാപ്പാൻ വടികൊണ്ട് തല്ലുകയായിരുന്നു. കേശവന്‍ കുട്ടിയെ തല്ലി എഴുനേല്‍പ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മൂന്നാമത്തെ ദൃശ്യം കാലിന് സ്വാധീനക്കുറവുള്ള ഗജേന്ദ്ര എന്ന ആന നടക്കുന്നതാണ്. മൂന്നു ദൃശ്യങ്ങള്‍ കൂട്ടിയിണക്കി ഒറ്റ ആനയെ തല്ലുന്നു എന്നപേരിലാണ് മര്‍ദനത്തിന്‍റെ വീഡിയോ പ്രചരിച്ചിരുന്നത്.

ഒരു മാസം മുമ്പത്തെ ദൃശ്യങ്ങളെന്നാണ് ആനക്കോട്ടയുടെ വിശദീകരണം. പിന്നാലെ ഗുരുവായൂര്‍ ദേവസ്വം അന്വേഷണത്തിന് നിര്‍ദ്ദേശവും നല്‍കി. ആനക്കോട്ടയിലെത്തി ഡോക്ടര്‍മാര്‍ ആനകളെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് പരിശോധിച്ചതിനു ശേഷമാണിപ്പോള്‍ നടപടിയെടുത്തിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page